പാലക്കാട്: പച്ചത്തുരുത്ത് പദ്ധതിയില്‍ പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ 2019 മുതലാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കി വരുന്നത്.
സംസ്ഥാന തലത്തില്‍ തദ്ദേശ സ്ഥാപന വിഭാഗത്തിനുള്ള രണ്ടാം സ്ഥാനം കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുമ്പളംചോല പച്ചത്തുരുത്തിന് ലഭിച്ചു. കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി കനാല്‍തീരം പച്ചത്തുരുത്ത് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹമായി. കോളജ് വിഭാഗത്തില്‍ ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ വി.ടി ഭട്ടതിരിപ്പാട് കോളജിലെ വാള്‍ട്ടര്‍ വാലി ഫുഡ് ഫോറസ്റ്റാണ് രണ്ടാം സ്ഥാനം നേടിയത്.
2021 ജൂണ്‍ 5നാണ് കുമ്പളംചോല ഭാഗത്ത് ഉപയോഗ ശൂന്യമായിക്കിടന്ന ക്വാറി പരിസരത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കുമ്പളംചോല പച്ചത്തുരുത്ത് പ്രവൃത്തികള്‍ ആരംഭിച്ചത്. ക്വാറിവേസ്റ്റ് ഉള്‍പ്പെടെ ഉണ്ടായിരുന്ന സ്ഥലത്ത് ജാക്ക് ഫ്രൂട്ട് ഫോറസ്റ്റ്, മുരിങ്ങ പ്ലാന്റേഷന്‍, മുളക്കാട് എന്നിവയാലെല്ലാം സമൃദ്ധമാണ്. ചെണ്ടുമല്ലി കൃഷിക്കും നിലമൊരുക്കുന്നുണ്ട്. അഞ്ച് ഏക്കറിലധികം പ്രദേശത്ത് വിവിധ ഇനങ്ങളിലായി 1400ലധികം വൃക്ഷങ്ങള്‍ സംരക്ഷിച്ചു വരുന്നു.
കരിങ്കരപ്പുള്ളി കനാല്‍തീരം പച്ചത്തുരുത്ത് ഒരിക്കല്‍ ഉപേക്ഷിക്കപ്പെട്ട സ്ഥലമായിരുന്നു. 267ലധികം സസ്യവര്‍ഗ്ഗങ്ങള്‍ ഇവിടെ വളര്‍ന്ന് കായ്ച്ച് നില്‍ക്കുന്നുണ്ട്.
വി.ടി.ബി കോളജിലെ വാര്‍ട്ടര്‍ വാലി ഫുഡ് ഫോറസ്റ്റ് എന്ന പേരില്‍ ഭക്ഷ്യവനം വച്ചുപിടിപ്പിക്കുന്നത് 2021 ഒക്ടോബര്‍ 18നാണ്. 130 ഓളം ഇനങ്ങളില്‍പ്പെട്ട 457 വൃക്ഷങ്ങള്‍ ഇവിടെ ഉണ്ടെന്നാണ് കണക്ക്.
Prathinidhi Online