തെരുവുനായയുടെ ആക്രമണത്തില്‍ അറ്റുപോയ 3 വയസ്സുകാരിയുടെ ചെവി തുന്നിച്ചേര്‍ത്തു

എറണാകുളം: വടക്കന്‍ പറവൂരില്‍ ഞായറാഴ്ച തെരുവുനായയുടെ ആക്രമണത്തിനിരയായ മൂന്ന് വയസുകാരിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തെരുവുനായ കടിച്ചെടുത്ത കുട്ടിയുടെ ചെവി വിജയകരമായി തുന്നിച്ചേര്‍ത്തു. മേക്കാട് വീട്ടില്‍ മിറാഷിന്റെ മകള്‍ നിഹാരികയാണ് ഇന്നലെ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിനിരയായത്. എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നിഹാരികയെ തെരുവുനായ അതിക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ ഇന്നലെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പേവിഷ പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ കുട്ടിക്ക് നല്‍കിയിട്ടുണ്ട്.

പ്രകോപിതരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. നായക്ക് പേവിഷ ബാധ ഏറ്റോയെന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …