കരൂര്‍: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് കരൂരില്‍ നയിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 മരണം. മരിച്ചവരില്‍ 2 വയസ്സുകാരന്‍ ഉള്‍പ്പെടെ 8 കുട്ടികളുണ്ട്. രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 17 സ്ത്രീകള്‍ക്കും ജീവന്‍ നഷ്ടമായി. സംസ്ഥാന വ്യാപകമായി വിജയ് നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച കരൂരില്‍ റാലി സംഘടിപ്പിച്ചത്. 10000 പേര്‍ പങ്കെടുക്കുന്ന റാലിക്കാണ് ടിവികെ അനുമതി തേടിയത്. എന്നാല്‍ ഒന്നര ലക്ഷത്തിലധികം പേര്‍ റാലിയില്‍ പങ്കെുടുത്തെന്നാണ് കണക്ക്.
ജനത്തിരക്ക് കാരണം അപകടമുണ്ടായപ്പോള്‍ ആംബുലന്‍സുകള്‍ക്ക് വേഗത്തിലെത്താന്‍ സാധിക്കാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടികളടക്കം 107 പേര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ 9 പോലീസുകാരും ഉള്‍പ്പെടും. നിരവധി കുട്ടികളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ വിജയ്‌ക്കെതിരെ കേസെടുത്തേക്കും. അതേസമയം ദുരന്തമുഖത്ത് നിന്ന് വിജയ് പെട്ടെന്ന് തിരിച്ചുപോയത് വലിയ വിമര്‍ശനങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. എക്‌സില്‍ അനുശോചനക്കുറിപ്പ് പങ്കുവയ്ക്കുകയല്ലാതെ വിഷയത്തില്‍ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ദുരന്ത സ്ഥലത്ത് നിന്ന് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനോ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ വിജയ് മുതിര്‍ന്നില്ല എന്നതും വലിയ ചര്‍ച്ചകളായിട്ടുണ്ട്.
അപകടത്തില്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
അതേസമയം കോടതി നിയന്ത്രണങ്ങള്‍ പലതും ടിവികെ റാലിയില്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 6 മണിക്കൂര്‍ വൈകിയാണ് വിജയ് റാലിയിലെത്തിയത്. ഇത് അപകടത്തിന് കാരണമായെന്നും ആരോപണമുണ്ട്.
Prathinidhi Online