ഹൃദയാഘാത കേസുകള്‍ക്ക് പിന്നിലെ വില്ലനാര്? പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്

രാജ്യത്ത് ഹൃദയാഘാത കേസുകളില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായതായി പുതിയ പഠനങ്ങള്‍. മാറുന്ന ജീവിതരീതി, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗാവസ്ഥകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൊറോണറി ധമനിയില്‍ ബ്ലഡ് ക്ലോട്ട് ഉണ്ടാകുന്നത് മൂലം ഹൃദയപേശികളില്‍ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഈ തടസ്സം ഹൃദയത്തിലെ ടിഷ്യൂകള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നത് ഇല്ലാതാക്കുകയും കോശങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു.

പുതിയ പഠനങ്ങള്‍ പ്രകാരം 99 ശതമാനം ഹൃദ്രോഗ കേസുകള്‍ക്കു പിന്നിലും നാല് കാരണങ്ങളാണ് പ്രധാനമായും കണ്ടുവരുന്നതെന്നാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര, പുകയില ഉപയോഗം എന്നിവയാണിവ. 90 ലക്ഷത്തിലധികം മുതിര്‍ന്നവരുടെ ഡാറ്റ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം എന്നീ അസുഖങ്ങള്‍ അനുഭവിക്കുന്നവരില്‍ 93 ശതമാനത്തിലധികം പേരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് പ്രധാന വില്ലനെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാലക്രമേണ ധമനികളെ തകരാറിലാക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. അതേപോലെ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ ഉയര്‍ന്ന അളവ് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. ഗ്ലൂക്കോസിന്റെ ഉയര്‍ന്ന അളവ് രക്തക്കുഴലുകളെ ബാധിക്കും. പുകയിലയുടെ ഉപയോഗവും ഹൃദയത്തേയും അതിന്റെ രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തേയും കാലക്രമേണ മോശം അവസ്ഥയിലേക്കെത്തിക്കും.

comments

Check Also

ആഭ്യന്തര വിമാനയാത്ര നിരക്കുകള്‍ കുത്തനെ ഇടിഞ്ഞു; 4 വര്‍ഷത്തിനിടെ കുറഞ്ഞ നിരക്കിലെത്തി

ന്യൂഡല്‍ഹി: രാജ്യത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് വിമാന നിരക്കുകള്‍ …