പാലക്കാട്: പല്ലശ്ശനയില്‍ 9 വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ നീതി തേടി കുടുംബം. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുത്തശ്ശി ഓമന പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു. ഒരുമാസം മുന്‍പാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സര്‍ക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്നും കുടുംബം ആരോപിച്ചു.
സെപ്റ്റംബര്‍ 24-ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. ആദ്യം ചികിത്സ പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. കുട്ടിയുടെ കൈക്ക് പൊട്ടലും മുറിവും ഉണ്ടായിരുന്നു. മുറിവുള്ള ഭാഗത്ത് കൂടി അശ്രദ്ധമായി പ്ലാസ്റ്ററിട്ടെന്നും ചികിത്സാപ്പിഴവ് ഉണ്ടായതാണ് പിന്നീട് കൈ മുറിച്ചു മാറ്റുന്നതിലേക്ക് എത്തിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരെ പൂര്‍ണമായി സംരക്ഷിച്ചായിരുന്നു ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോപണ വിധേയരായ ഡോക്ടര്‍മാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും വീണ്ടും പരാതി കൈമാറിയിട്ടുണ്ട്.
Prathinidhi Online