ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചത്. ഞായറാഴ്ച വൈകീട്ടാണ് യോഗം ചേരുക. ചുമ മരുന്നുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്.

കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും പ്രചാരണം ശക്തമാക്കുന്നതിലും തീരുമാനം ഉണ്ടായേക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കമ്പനിക്കെതിരെ കടുത്ത നടപടിക്ക് നിര്‍ദേശിക്കാനും സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനി നിര്‍മ്മിച്ച കോള്‍ഡ്രിഫ് എന്ന മരുന്ന് കഴിച്ച 11 കുട്ടികളാണ് മരണപ്പെട്ടത്. കമ്പനിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്.

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ ഡോ.പ്രവീണ്‍ സോണിയെ കുട്ടികളുടെ മരണത്തെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ സ്വകാര്യ ക്ലിനിക്കിലെ ചികിത്സയ്ക്കിടെയാണ് കുട്ടികള്‍ക്ക് കോള്‍ഡ്രിഫ് നിര്‍ദേശിച്ചത്. മരിച്ച കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും കോള്‍ഡ്രിഫ് നിര്‍ദേശിച്ചത് ഡോ.പ്രവീണ്‍ ആണെന്ന് കണ്ടെത്തിയതിന്റെ പിന്നാലെയാണ് അറസ്റ്റ്.

അനുവദിനീയമായതിലും അധികം ഡിഇജി മരുന്നില്‍ അടങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. സിഡിഎസ്ഒ ഉള്‍പ്പെടെ മരണകാരണം കണ്ടെത്താന്‍ പരിശോധന നടത്തിയിരുന്നു.

 

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …