പാലക്കാട്: ഒന്‍പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പന്‍ഷന്‍. പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോ. മുസ്തഫ, ഡോ. സര്‍ഫറാസ് എന്നിവര്‍ക്കെതിരെയാണ് നടപടി. ചികിത്സാ പിഴവ് മൂലമാണ് കുട്ടിയുെട കൈ മുറിച്ച് മാറ്റേണ്ടി വന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുകയും കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ചികിത്സാ പിഴവ് ഇല്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചിരുന്നു. ഡിഎംഒ നിയോഗിച്ച അന്വേഷണ സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നെന്നും സെപ്തംബര്‍ 30 ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൈയിലെ രക്തയോട്ടം നിലച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം ഡോക്ടര്‍മാരെ പിന്തുണച്ച് കെജിഎംഒഎയും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയ്ക്ക് പരമാവധി ചികിത്സ നല്‍കിയിരുന്നതായും കൈമുറിച്ചു മാറ്റേണ്ടി വന്നത് അപൂര്‍വമായി സംഭവിക്കുന്ന ചികിത്സ സങ്കീര്‍ണത മൂലമാണെന്നും സംഘടനാ നേതാക്കള്‍ വിശദീകരിച്ചു.
സെപ്തംബര്‍ 24നാണ് വീടിന് സമീപത്ത് കളിക്കുന്നതിനിടെ പല്ലശ്ശന സ്വദേശിനിയായ ഒന്‍പതു വയസ്സുകാരിക്ക് പരിക്ക് പറ്റുന്നത്. കൈക്ക് പൊട്ടലും മുറിവുമായെത്തിയ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് പ്രാഥമിക ചികിത്സ നല്‍കുകയും കൈക്ക് പ്ലാസ്റ്റര്‍ ഇടുകയും ചെയ്തിരുന്നു. അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റര്‍ മാറ്റിയപ്പോഴാണ് കുട്ടിയുടെ കൈയില്‍ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലാണെന്ന് തിരിച്ചറിഞ്ഞത്. കൈ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മുറിച്ചുമാറ്റിയത്. പ്ലാസ്റ്റര്‍ ഇട്ടതുകൊണ്ടുള്ള പ്രശ്‌നമല്ലെന്നും കയ്യില്‍ വലിയ മുറിവ് ഉണ്ടായിരുന്നില്ലെന്നുമാണ് സംഭവത്തിനു ശേഷം ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചത്. കൈ പൂര്‍ണമായും പ്ലാസ്റ്റര്‍ ഇട്ടിരുന്നില്ലെന്നും നീരുണ്ടെങ്കില്‍ വരണമെന്ന് അറിയിച്ചെങ്കിലും നീരുണ്ടായ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും സൂപ്രണ്ട് ഡോക്ടര്‍ ജയശ്രീ കുറ്റപ്പെടുത്തിയിരുന്നു.
Prathinidhi Online