കോഴിക്കോട്ട് ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ്വര്‍ണം കാണാനില്ല; അന്വേഷണം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറിലേക്ക്

കോഴിക്കോട്: ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ്വര്‍ണം കാണാനില്ലെന്ന് പരാതി. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ സ്വര്‍ണമാണ് കാണാതായത്. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന്റെ കയ്യിലാണ് സ്വര്‍ണമെന്നാണ് വിവരം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാല് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരാണ് ക്ഷേത്ര ചുമതല ഏറ്റെടുത്തത്. മുന്‍ ഓഫീസറായിരുന്ന സജീവന്‍ നടത്തിയ കണക്കെടുപ്പില്‍ 20 പവനോളം സ്വര്‍ണ ഉരുപ്പടികളില്‍ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നേരത്തേ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കൃത്യമായ മറുപടി ഇദ്ദേഹത്തിന്റെ അടുത്ത് നിന്ന് ലഭിച്ചിരുന്നില്ല. തുടര്‍ന്നു വന്ന ഓഫീസര്‍മാര്‍ രണ്ടുപേരും സ്വര്‍ണം കാണാനില്ലെന്ന് കണ്ടെത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

സ്വര്‍ണം കാണാനില്ലെന്ന കാര്യം വിവാദമായതോടെ മുന്‍ ഓഫീസറായിരുന്ന വിനോദന്‍ ഇവ തിരിച്ചേല്‍പ്പിക്കാമെന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം നഷ്ടപ്പെട്ടിട്ടും ഇതുവരെ വിഷയം പോലീസില്‍ അറിയിക്കാത്തതില്‍ ക്ഷേത്ര കമ്മറ്റിക്കെതിരെയും ആക്ഷേപമുയരുന്നുണ്ട്. സ്വര്‍ണം തിരിച്ചു കിട്ടിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് ക്ഷേത്ര ഭാരവാഹികളുടെ നീക്കം.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …