സംസ്ഥാനത്ത് രണ്ട് കമ്പനികളുടെ ചുമയ്ക്കുള്ള മരുന്നുകള്‍ നിരോധിച്ചു; കൈവശമുള്ളവര്‍ ഉപയോഗിക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കമ്പനികളുടെ മരുന്നുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുഴുവന്‍ മരുന്നുകളും ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ചുമയ്ക്കുള്ള മരുന്നുമാണ് നിരോധിച്ചത്. ഈ മരുന്നുകളുടെ വില്‍പനയും വിതരണവും ഉപയോഗവും പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് മരവിപ്പിക്കാനുള്ള നടപടികള്‍ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ എടുത്ത സാഹചര്യത്തിലാണ് കമ്പനിയുടെ എല്ലാ മരുന്നുകളുടേയും വിതരണമുള്‍പ്പെടെ സംസ്ഥാനത്ത് നിരോധിച്ചത്. ഗുജറാത്തിലെ റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അഹമ്മദാബാദില്‍ നിര്‍മ്മിച്ച റെസ്പിഫ്രഷ് ടിആര്‍ (Respifresh TR, 60ml syrup, Batch. No. R01GL2523) എന്ന മരുന്നിന് ഗുണനിലവാരമില്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാനത്തെ അറിയിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഈ മരുന്നിന്റെ വിതരണവും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അടിയന്തരമായി നിര്‍ത്തിവെപ്പിച്ചത്. നിര്‍ദേശം ലംഘിച്ച് വിതരണം നടത്തിയാല്‍ കര്‍ശന നടപടികളെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല കൈവശമുള്ളവര്‍ ഇവ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഇവ വിതരണം ചെയ്യുന്നില്ല.

സംസ്ഥാനത്തെ അഞ്ച് വിതരണക്കാര്‍ക്കാണ് മരുന്ന് വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിലക്ക് ലംഘിച്ച് മരുന്ന് വില്‍ക്കുന്നവര്‍ക്കെതിരെയും, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

comments

Check Also

5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് പൊള്ളലേല്‍പ്പിച്ചു

പാലക്കാട്: കിടക്കയില്‍ മൂത്രമൊഴിച്ചെന്ന കാരണത്താല്‍ 5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിക്കുകയും ചെയ്ത …