താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം. അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. ഡോക്ടര്‍ വിപിന്റെ തലക്കാണ് വെട്ടേറ്റത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറുടെ ആരോഗ്യനില ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡിഎംഒ ഡോ.കെ.രാജാറാം പറഞ്ഞു. തലയോട്ടിക്ക് പൊട്ടലുള്ളതിനാല്‍ മൈനര്‍ സര്‍ജറി വേണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രക്ത സമ്മര്‍ദ്ദം ഉള്‍പ്പെടെ എല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സനൂപിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടു മക്കളുമായി ആശുപത്രിയിലെത്തിയ ശേഷം മക്കളെ സനൂപ് പുറത്ത് നിര്‍ത്തി സൂപ്രണ്ടിന്റെ റൂമിലേക്ക് പോകുകയായിരുന്നു. ആ സമയം സൂപ്രണ്ട് മുറിയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡോക്ടര്‍ വിപിന്റെ അടുത്തെത്തി വെട്ടുകയായിരുന്നു. എന്റെ മകളെ കൊന്നവനല്ലെ എന്ന് ആക്രോശിച്ചായിരുന്നു ഡോക്ടറെ സനൂപ് വെട്ടിയതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.
9 വയസ്സുകാരിയായ മകള്‍ അനയയെ പനി ബാധിച്ചതിനെ തുടര്‍ന്ന് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് അനയ മരിച്ചിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ടത് കണ്ടെത്തിയത്. എന്നാല്‍ കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.
Prathinidhi Online