മഴ ചതിച്ചോ? മഹാരാഷ്ട്രയില്‍ 80ശതമാനം ഉള്ളി കൃഷിയും നശിച്ചു; വരും മാസങ്ങളില്‍ ഉള്ളി വില വര്‍ദ്ധിച്ചേക്കും

നാസിക്ക്: മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്ത മഴയില്‍ 80 ശതമാനം ഉള്ളികൃഷിയും നശിച്ചത് ആശങ്കയാകുന്നു. രൂക്ഷമായ ഉള്ളിക്ഷാമമാണ് അടുത്ത മാസങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മഴ കുറഞ്ഞതിനാല്‍ കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത് എന്നതും പ്രതിസന്ധി കൂട്ടുന്നുണ്ട്. കൃഷിയിറക്കാനുള്ള ഭാരിച്ച ചിലവും ഉള്ളിവിലയിലെ കുറവും കര്‍ഷകരെ കൃഷിയിറക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ഈ സമയത്ത് ക്വിന്റ്‌ലിന് നാലായിരവും അയ്യായിരവും വിലയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്തിയ ക്വാളിറ്റിയുള്ള ഉള്ളിക്ക് 900 വരെയാണ് കിട്ടുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മാത്രമല്ല കിലോയ്ക്ക് എട്ടുരുപ വില കിട്ടുന്നിടത്ത് എങ്ങനെ കൃഷിയിറക്കുമെന്നും കര്‍ഷകര്‍ ചോദിക്കുന്നു. അതേസമയം വിളവ് കുറയുമ്പോള്‍ സാധാരണയായി വില കൂടാറുണ്ടെങ്കിലും ഇത്തവണ വില കുറഞ്ഞു തന്നെ തുടരുകയാണ്. തുടര്‍ച്ചയായി പെയ്ത മഴയാണ് പ്രതിസന്ധി കൂടുതലാക്കിയത്.

കേരളമടക്കമുള്ള സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഉള്ളി കൂടുതലായി എത്തുന്നത് നാസിക്കില്‍ നിന്നാണ്. ഇവിടെ മാത്രം അഞ്ചുലക്ഷത്തിലധികം ഏക്കര്‍ ഉള്ളി കൃഷി നശിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. രണ്ടു ലക്ഷത്തിലധികം കര്‍ഷകരെയാണ് ഇത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളെയും ഇത് ബാധിക്കുമെന്നുറപ്പാണ്.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …