14 കാരന്റെ ആത്മഹത്യ അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം; സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

പാലക്കാട്: പല്ലന്‍ചാത്തൂരില്‍ 14 കാരന്‍ അര്‍ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബവും വിദ്യാര്‍ത്ഥികളും. കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജ്ജുനെ കഴിഞ്ഞ ദിവസം രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന ആരോപണവുമായി കുടുംബവും ഒരുപറ്റം വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയായിരുന്നു. അധ്യാപികക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്. ക്ലാസുകള്‍ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം.

ഇന്‍സ്റ്റഗ്രാമില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ മെസ്സേജ് അയച്ചതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തില്‍ അര്‍ജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബവും വിദ്യാര്‍ത്ഥികളും പറയുന്നു. എല്ലാ ദിവസവും അര്‍ജ്ജുനെ എന്തെങ്കിലും കാര്യം പറഞ്ഞ് അധ്യാപിക ശാസിക്കാറുണ്ടെന്നും ഒന്നരവര്‍ഷം ജയിലിലിടുമെന്നും സൈബര്‍ സെല്ലില്‍ പരാതിപ്പെടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. അര്‍ജ്ജുനെ കേള്‍ക്കാന്‍ കുടുംബവും തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറയുന്നുണ്ട്. വിഷയത്തില്‍ അര്‍ജ്ജുന്റെ കുടുംബം കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്. കുട്ടികളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ളത് പോലെ മാത്രമാണ് ശാസിച്ചതെന്നും മറ്റ് ആരോപണങ്ങള്‍ തെറ്റാണെന്നുമാണ് പ്രിന്‍സിപ്പലും സ്‌കൂള്‍ മാനേജ്‌മെന്റും പറയുന്നത്.

 

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …