ഹിന്ദു വിവാഹനിയമപ്രകാരം, സാമ്പത്തിക സ്വയംപര്യാപ്‌തതയുള്ള ഭാര്യയ്‌ക്ക്‌ ജീവനാംശത്തിന്‌ അര്‍ഹതയില്ലെന്നു ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഹിന്ദു വിവാഹനിയമപ്രകാരം, സാമ്പത്തിക സ്വയംപര്യാപ്‌തതയുള്ള ഭാര്യയ്‌ക്ക്‌ ജീവനാംശത്തിന്‌ അര്‍ഹതയില്ലെന്നു ഡല്‍ഹി ഹൈക്കോടതി. സ്‌ഥിരജീവനാംശമെന്നതു സാമൂഹികനീതിക്കു വേണ്ടിയാണെന്നും അല്ലാതെ, ധനസമ്പാദനത്തിനല്ലെന്നും നിരീക്ഷിച്ചാണു ജസ്‌റ്റിസുമാരായ അനില്‍ ക്ഷേത്രപാലും ഹരീഷ്‌ വൈദ്യനാഥന്‍ ശങ്കറും ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാനവിധി.

ജീവനാംശം തേടുന്ന വ്യക്‌തി യഥാര്‍ത്ഥത്തില്‍ സാമ്പത്തികസഹായം ആവശ്യമുള്ളയാളാണെന്നു തെളിയിക്കാന്‍ നിയമം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹനിയമം, വകുപ്പ്‌ 25 പ്രകാരമുള്ള ജുഡീഷ്യല്‍ വിവേചനാധികാരം ശരിയായ വിധത്തിലും നീതിപൂര്‍വകമായും രേഖകളുടെ അടിസ്‌ഥാനത്തിലുമാകണം വിനിയോഗിക്കേണ്ടത്‌. ഇരുകക്ഷികളുടെയും സാമ്പത്തികശേഷി കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭര്‍ത്താവിനു വിവാഹമോചനം അനുവദിച്ചും ഭാര്യയ്‌ക്ക്‌ സ്‌ഥിരജീവനാംശം നിഷേധിച്ചുമുള്ള കുടുംബകോടതി വിധി ശരിവച്ചുകൊണ്ടാണു ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. കേസിലെ കക്ഷികളില്‍, ഭര്‍ത്താവ്‌ അഭിഭാഷകനും ഭാര്യ ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്‌ഥയുമാണ്‌. മുന്‍വിവാഹബന്ധം 2010 ജനുവരിയില്‍ വേര്‍പെടുത്തിയശേഷമാണ്‌ ഇരുവരും വിവാഹിതരായത്‌. എന്നാല്‍, 14 മാസത്തിനുള്ളില്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു.

തൊഴില്‍പരവും സാമൂഹികവുമായ മേഖലകളില്‍ അപമാനിക്കുക, മാനസികവും ശാരീരികവുമായി ഉപദ്രവിക്കുക, വാക്കുകള്‍ കൊണ്ട്‌ അധിക്ഷേപിക്കുക, ദാമ്പത്യബന്ധത്തിനുള്ള അവകാശം നിഷേധിക്കുക തുടങ്ങിയ ക്രൂരതകളുടെ പേരില്‍ ഭര്‍ത്താവാണ്‌ വിവാഹമോചനമാവശ്യപ്പെട്ട്‌ കുടുംബകോടതിയെ സമീപിച്ചത്‌. ഭര്‍ത്താവാണ്‌ ഉപദ്രവിക്കുന്നതെന്ന്‌ ആരോപിച്ച്‌ ഭാര്യ എതിര്‍ഹര്‍ജിയും നല്‍കി. വിവാഹമോചനത്തിനായി 50 ലക്ഷം രൂപയാണു ഭാര്യ ജീവനാംശമായി ആവശ്യപ്പെട്ടത്‌.

തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ജീവനാംശം നിഷേധിച്ച കുടുംബകോടതി വിധിയില്‍ ഇടപെടാന്‍ കാരണമില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ അധിക്ഷേപകരമായ വാക്കുകളാണ്‌ ഭാര്യ ഉപയോഗിച്ചിരുന്നതെന്നും ഇത്‌ മാനസികപീഡനമാണെന്നും കോടതി നിരീക്ഷിച്ചു. മികച്ച ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥയാണു ഭാര്യയെന്നും സാമ്പത്തികസ്വാതന്ത്ര്യമുള്ളയാളാണെന്നും ചൂണ്ടിക്കാട്ടിയാണു സ്‌ഥിരജീവനാംശം നിഷേധിച്ചത്‌.

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …