ബെംഗളൂരു: ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യ മലയാളി താരവുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8:10ന് ബംഗളുരുവിലായിരുന്നു അന്ത്യം. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു ഫ്രെഡറിക്. എട്ട് ഗോളുകള്‍ മാത്രമാണ് ഫ്രെഡറിക് ഒളിംപിക്‌സില്‍ വഴങ്ങിയത്. 1971ല്‍ ഇന്ത്യന്‍ ടീമിലെത്തിയ അദ്ദേഹം 7 വര്‍ഷത്തോളം ദേശീയ ടീമിലെ അംഗമായിരുന്നു. ഇന്ത്യന്‍ ഹോക്കിയിലെ ടൈഗര്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കായിക രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് രാജ്യം 2019ല്‍ 71ാം വയസ്സില്‍ രാജ്യം ധ്യാന്‍ചന്ദ് പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ബര്‍ണശേരി സ്വദേശിയാണ്. ഏഴ് വര്‍ഷം ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ച ഫ്രെഡറിക് 1972ലെ മ്യൂണിക് ഒളിംപിക്‌സിന് പുറമെ 1978ലെ ഹോക്കി ലോകകപ്പിലും ഇന്ത്യന്‍ ഗോള്‍വല കാത്തു. 78ലെ ലോകകപ്പില്‍ വെള്ളി മെഡല്‍ നേടുന്നതില്‍ ടീമിന്റെ നിര്‍ണായക സ്ഥാനത്തിരുന്നതും അദ്ദേഹമായിരുന്നു. പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടുക്കുന്നതിലെ മികവാണ് ടൈഗര്‍ എന്ന വിളിപ്പേര് ലഭിക്കാന്‍ കാരണം.
1947 ഒക്ടോബറിലാണ് ജനനം. ഫുട്‌ബോളില്‍ സ്‌ട്രൈക്കറായും ഹോക്കിയില്‍ ഗോള്‍ കീപ്പറായും 12ാം വയസ്സില്‍ കളി തുടങ്ങിയ മാനുവല്‍ കണ്ണൂര്‍ ബിഇഎം സ്‌കൂളിലെ ഫുട്‌ബോള്‍ ടീമില്‍ നിന്ന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ടീം വഴിയാണ് ഹോക്കിയിലെത്തുന്നത്. 15ാം വയസ്സില്‍ ആര്‍മി സ്‌കൂളില്‍ എത്തിയതാണ് വഴിത്തിരിവായത്. 17ാം വയസ്സില്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. 1971ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മത്സരം കളിച്ചു.
Prathinidhi Online