സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത 4 ശതമാനം വര്‍ധിപ്പിച്ച് ഉത്തരവായി; ആനുകൂല്യം ഒക്ടോബറിലെ ശമ്പളത്തിനൊപ്പം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ച് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കി. വര്‍ധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നല്‍കും. ക്ഷാമബത്ത നേരത്തേ 18 ശതമാനമായിരുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ വളരെക്കാലമായുള്ള ആവശ്യമാണ് ഡിഎ വര്‍ധനവും കുടിശ്ശിക കൊടുത്തുതീര്‍ക്കലും. ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളില്‍ ഡിഎ കുടിശ്ശികയുടെ ഓരോ ഗഡുക്കള്‍ അനുവദിച്ചിരുന്നു.

അതേസമയം ഒരു മാസത്തെ കുടിശ്ശിക ഉള്‍പ്പെടെയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം നവംബര്‍ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉള്‍പ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യും. ക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 1600 രൂപയില്‍ നിന്ന് 2000 രൂപയായാണ് പെന്‍ഷന്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിനു പുറമെ നിലവില്‍ സഹായം ലഭിക്കാത്ത 35നും 60നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് മാസം 1000 രൂപ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …