മാലി: യുവതലമുറയെ പുകയില ഉല്‍പ്പന്നങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കര്‍ശന നടപടിയുമായി മാലിദ്വീപ് സര്‍ക്കാര്‍. 2007ലോ അതിനു ശേഷമോ ജനിച്ച വ്യക്തികള്‍ക്ക് നവംബര്‍ 1 മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു. അനാരോഗ്യകരമായ ജീവിത ശൈലിയാണ് മാലിദ്വീപില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ നടപടി. ഇതാദ്യമായാണ് ഒരു രാജ്യം പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഒരു തലമുറയ്ക്കൊന്നാകെ നിരോധനം കൊണ്ടുവരുന്നത്.
പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് മുന്‍പ് ഉപഭോക്താവിന്റെ പ്രായം പരിശോധിച്ച് ഉറപ്പിക്കണം. എല്ലാത്തരം പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നിരോധനം ബാധകമാണ്. അനാരോഗ്യകരമായ ഇത്തരം ശീലങ്ങള്‍ കൂട്ടായ പരിശ്രമത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഏപ്രില്‍ 13ന് നടന്ന മന്ത്രിസഭ യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നിയമനിര്‍മ്മാണം നടത്തിയത്. കഴിഞ്ഞ നവംബറില്‍ രാജ്യത്ത് പുകവലിക്കുന്നതിനുള്ള പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുകയും ഇ-സിഗരറ്റുകളും വാപ്പിംങ് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്കും ഈ നിയമം ബാധകമാണ്.
പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് പിടിക്കപ്പെട്ടാല്‍ 50,000 റുഫിയയും (2,84,113.12 രൂപ) വേപ്പ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് 5000 റുഫിയയും (28,411.31 രൂപ ) പിഴ ചുമത്തും.
Prathinidhi Online