വൃദ്ധസദനത്തില്‍ കിടപ്പുരോഗിയായ വയോധികയ്ക്ക് മര്‍ദനം; വാരിയെല്ലിന് പൊട്ടല്‍

എറണാകുളം: എറണാകുളം ഏരൂരില്‍ വൃദ്ധസദനത്തില്‍ കിടപ്പുരോഗിയായ വയോധികയ്ക്ക് മര്‍ദനമേറ്റതായി പരാതി. മഞ്ഞുമ്മല്‍ സ്വദേശി ശാന്ത(71)ക്കാണ് പരുക്കേറ്റത്. വൃദ്ധസദനം നടത്തിപ്പുകാരി രാധയാണ് മര്‍ദിച്ചത്. സ്‌കാനിങ്ങില്‍ ശാന്തയുടെ വാരിയെല്ലിന് പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി ശാന്തയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അസുഖബാധിതയായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴാണ് ശാന്ത ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് എടുത്ത സ്‌കാനിങിലാണ് ഇവരുടെ വാരിയെല്ലിന് പൊട്ടലുണ്ടെന്നും ആഴത്തിലുള്ള മുറിവ് പഴുത്തുകൊണ്ടിരിക്കുകയാണെന്നും കണ്ടെത്തിയത്. നിലവില്‍ ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയില്‍ ശാന്തയുടെ മൊഴി രേഖപ്പെടുത്തി പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൃദ്ധസദനം നടത്തിപ്പുകാരി നിലത്തിട്ട് ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

ശാന്തയുടെ ഭര്‍ത്താവ് അയ്യപ്പന്റെ മരണത്തോടെയാണ് ബന്ധുക്കള്‍ ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റിയത്. നിലവില്‍ വൃദ്ധസദനം നടത്തിപ്പുകാരിയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

 

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …