പൊതുവിടങ്ങളില്‍ നിന്ന് തെരുവുനായകളെ ഉടനെ നീക്കണം: ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. പൊതുവിടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഉടനടി നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് കോടതിതന്നെ സ്വമേധയാ ഫയലില്‍ സ്വീകരിച്ച കേസിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ നീക്കം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണം. സ്‌കൂളുകളുടെ കാര്യത്തില്‍ ദിവസേനയുള്ള പരിശോധനകള്‍ നടത്തണം. പിടികൂടുന്ന നായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധീകരിക്കണം. പിടികൂടുന്നിടത്ത് തന്നെ ഇവയെ തുറന്നുവിടരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

നായ്ക്കള്‍ക്കു പുറമേ കന്നുകാലികളേയും ദേശീയപാതകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളും കൈക്കൊള്ളണമെന്നും കോടതി പറഞ്ഞു. ദേശീയ പാത അതോറിറ്റിക്കും സര്‍ക്കാരുകളും ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണം. ഇതിന്റെ ചുമതലയും ചീഫ് സെക്രട്ടറിമാര്‍ക്കാണെന്ന് ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കായിരിക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ടുമാസത്തിനുള്ളില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …