ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വരുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാകും. ചെന്നൈയുമായിട്ടുള്ള ട്രേഡിന് സഞ്ജു സമ്മതം മൂളുകയും ധാരണാ പത്രത്തില്‍ ഒപ്പിടുകയും ചെയ്തിരുന്നു. താരത്തിന്റെ ക്ലബ് മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉടനെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയേയും സാം കറനേയും ചെന്നൈ റോയല്‍സിന് വിട്ടുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരുന്ന ഐപിഎല്ലില്‍ ജഡേജയാകും റോയല്‍സിനെ നയിക്കുക എന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സഞ്ജു പരിക്കേറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ റിയാന്‍ പരാഗായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ ഇത്തവണ പരാഗിന് പകരം യശസ്വി ജയ്‌സ്വാളിനോ ധ്രുവ് ജുറെലിനോ ക്യാപ്റ്റന്‍സി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ ജഡേജയ്ക്കാകും ക്യാപ്റ്റന്‍സി എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍സി നല്‍കാമെന്ന ഉറപ്പിലാണ് ജഡേജ തന്റെ ആദ്യ ക്ലബ്ബായ റോയല്‍സിലെത്തുന്നത്.
ചെന്നൈയെ ഒരു സീസണില്‍ നയിച്ചത് ജഡേജയായിരുന്നു. എന്നാല്‍ ടീമിന് പ്രതീക്ഷിച്ചത്ര ശോഭിക്കാന്‍ കഴിയാതെ വന്നതോടെ നായക സ്ഥാനത്ത് ധോണിയെ കൊണ്ടുവരികയായിരുന്നു. സാം കറനെ ടീമിലുള്‍പ്പെടുത്താന്‍ റോയല്‍സിന് മുന്നില്‍ കടമ്പകളേറെയാണ്. ഓവര്‍സീസ് ക്വാട്ടയാണ് ഒരു പ്രതിസന്ധി. വിദേശ താരങ്ങളില്‍ ഒരാളെ ഒഴിവാക്കാതെ താരത്തെ ടീമിലുള്‍പ്പെടുത്താന്‍ കഴിയില്ല. ഇതിനു പുറമെ ചെന്നൈയില്‍ 2.5 കോടിയാണ് സാമിന്റെ പ്രതിഫലം. റോയല്‍സിന് ഇനി ലേലത്തില്‍ ബാക്കിയുള്ളത് 30 ലക്ഷം രൂപയും. അങ്ങനെ വന്നാല്‍ വിദേശ താരങ്ങളില്‍ ആരെങ്കിലും പുറത്തു പോകാനും സാധ്യതയുണ്ട്.
Prathinidhi Online