തിരുവനന്തപുരം: ആസ്മ രോഗികള്‍ ജീവശ്വാസമായി ഉപയോഗിക്കുന്ന ഇന്‍ഹെയ്‌ലറില്‍ ഉപയോഗിക്കുന്ന മരുന്നിന്റെ വ്യാജന്‍ വില്‍പ്പന സംസ്ഥാനത്ത് തകൃതിയായി നടക്കുന്നു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ബുധനാഴ്ച മൂന്ന് ജില്ലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 2 ലക്ഷം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു. ഇവ അനധികൃതമായി സ്റ്റോക്ക് ചെയ്തിരുന്ന 2 സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസന്‍സ് റദ്ദാക്കി. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടത്തിയത്.
സിപ്ല ലിമിറ്റഡിന്റെ ‘സെറോഫ്‌ളോ റോട്ടോക്യാപ്‌സ് 250 ഇന്‍ഹെയ്‌ലറിന്റെ’ വ്യാജ മരുന്നുകളാണ് പിടികൂടിയത്. തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഫാര്‍മ, തൃശൂര്‍ പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡ് വേള്‍ഡ് ഫാര്‍മ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തത്. മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യാജമരുന്ന് ശൃംഖലയില്‍ നിന്ന് ഫാര്‍മസികള്‍ നേരിട്ട് മരുന്നുകള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സിപ്ല കമ്പനിയല്ല ഇവയുടെ ഉല്‍പാദകരെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാര്‍മസികളില്‍ നിന്നും മരുന്നിന്റെ ബില്ലുകളും മറ്റു രേഖകളും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവുമായി ചേര്‍ന്ന് വ്യാജ മരുന്ന് ശൃംഖലയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരേ ബ്രാന്‍ഡിലെ ഇത്രയധികം വ്യാജമരുന്ന് ഒന്നിച്ച് പിടികൂടുന്നത്. മരുന്ന് വാങ്ങിയ രോഗികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണത്തിലും മറ്റും വ്യത്യാസമുണ്ടെന്ന് രോഗികള്‍ പരാതിപ്പെട്ടതോടെയാണ് വ്യാജ മരുന്ന് ശൃംഖലയെ കുറിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് സൂചന ലഭിച്ചത്. തുടരന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ആസ്മ മരുന്നിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം തോന്നിയ തങ്ങളാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിച്ചതെന്നാണ് നടപടി നേരിട്ട തിരുവനന്തപുരത്തെ ആശ്വാസ് ഫാര്‍മ പറയുന്നത്. തങ്ങള്‍ വിറ്റ മരുന്നിനെ കുറിച്ച് പരാതി ലഭിച്ച ഉടന്‍ മരുന്നുകള്‍ വിതരണം ചെയ്ത കമ്പനിയെയും മരുന്ന് ഉല്‍പാദകരായ സിപ്ലയേയും അറിയിച്ചിരുന്നു. എന്നാല്‍, 4എസ്എ2067 എന്ന ബാച്ചിലുള്ള സെറോഫ്‌ളോ 250 റോടോക്യാപ് എന്ന മരുന്ന് സിപ്ല നിര്‍മിച്ചതല്ലെന്ന് കമ്പനി അറിയിക്കുകയും തുടര്‍ന്ന് വിവരം ഡ്രഗ്‌സ് കണ്‍ട്രോളറെ അറിയിക്കുകയും ചെയ്തിരുന്നെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.
Prathinidhi Online