50 ലക്ഷത്തിന്റെ ബൈക്ക് വാങ്ങിനല്‍കിയില്ല; മാതാപിതാക്കളെ ആക്രമിച്ച യുവാവ് പിതാവിന്റെ അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ സ്ഥിരമായി ഉപദ്രവിച്ച മകന്‍ പിതാവിന്റെ അടിയേറ്റ് മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗര്‍ണമിയില്‍ ഹൃദ്ദിക് (28) ആണ് മരിച്ചത്. പിതാവ് ഹൃദയാനന്ദിന്റെ (52) അടിയേറ്റ് ഒരുമാസത്തിലധികമായി ഹൃദ്ദിക് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 9നായിരുന്നു സംഭവം. ആഡംബര ബൈക്ക് വേണമെന്നാവശ്യപ്പെട്ട് ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറയുന്നു.

അടുത്തിടെ മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി മാതാപിതാക്കള്‍ ലോണെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 21ന് ഹൃദ്ദിക്കിന്റെ പിറന്നാളിന് മുന്‍പ് 50 ലക്ഷം രൂപയുടെ 2 ബൈക്കുകള്‍ കൂടി വാങ്ങി നല്‍കാന്‍ യുവാവ് ആവശ്യപ്പെട്ടിരുന്നത്രേ. ഈ ആവശ്യമുന്നയിച്ച് യുവാവ് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായും മാതാപിതാക്കളെ ആക്രമിക്കാറുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ഒക്ടോബര്‍ 9ന് വഞ്ചിയൂരിലെ വീട്ടിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഹൃദയാനന്ദ് മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃദ്ദിക് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു.

സംഭവത്തിന് ശേഷം പിതാവ് പോലീസില്‍ കീഴടങ്ങിയിരുന്നു. വീട്ടിലുണ്ടായ തര്‍ക്കത്തില്‍ ഹൃദ്ദിക് വെട്ടുകത്തി ഉപയോഗിച്ച് ആദ്യം പിതാവിനെ ആക്രമിച്ചെന്നാണ് അമ്മ അനുപമയുടെ മൊഴി. തലയ്ക്കടിയേറ്റ് വീണ ഹൃദ്ദിക്കിനെ മാതാപിതാക്കള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …