ട്രേഡിങില്‍ നിന്ന് ലക്ഷങ്ങള്‍ വാഗ്ദാനം: കുന്നത്തൂര്‍ സ്വദേശിക്ക് നഷ്ടമായത് 90.76 ലക്ഷം; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് കുന്നത്തൂര്‍മേട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട് കാഞ്ചീപുരം ക്രോംപേട്ട് സെന്തില്‍ നഗറില്‍ പി.വി സുനിലാണ് (57) പാലക്കാട് സൈബര്‍ പോലീസിന്റെ പിടിയിലായത്. ജൂണില്‍ സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ച് ലാഭം നല്‍കി വിശ്വാസത്തിലെടുത്തായിരുന്നു തട്ടിപ്പ്. 90.76 ലക്ഷമാണ് തട്ടിയെടുത്തത്.

തുടക്കത്തില്‍ ലാഭം ലഭിച്ച ശേഷം തട്ടിപ്പു സംഘം പറഞ്ഞ രീതിയില്‍ വലിയ തുക ഇയാള്‍ നിക്ഷേപിക്കുകയായിരുന്നു. പാലക്കാട് സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്നതിനിടെ പണം പ്രതിയുടെ തമിഴ്‌നാട്ടിലെ 3 ബാങ്ക് അക്കൗണ്ടുകളില്‍ ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. ഈ തുക എടിഎം വഴി പിന്‍വലിച്ചതും പ്രതിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചു.

ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേരളത്തിന് പുറമേ ഇയാളുടെ പേരില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 12 പരാതികള്‍ നിലവിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …