സംസ്ഥാനത്ത് ആശങ്കയായി എലിപ്പനി മരണങ്ങള്‍; 11 മാസത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 356 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി എലിപ്പനി മരങ്ങള്‍ വര്‍ദ്ധിക്കുന്നു. 11 മാസത്തിനിടെ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കാണിത്. മഴക്കാലത്തും അല്ലാതെയുമുണ്ടാകുന്ന ഇടവിട്ടുള്ള മഴയും അതിനെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ടുകളുമാണ് എലിപ്പനിയടക്കമുള്ള രോഗങ്ങള്‍ കൂടാന്‍ കാരണമായി ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ആദ്യ ആഴ്ചയില്‍ തന്നെ ഗുരുതരമാകുന്ന സ്ഥിതിയാണുള്ളതെന്ന് ആരോഗ്യ വിദ്ഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

മലിന ജലത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം 11 മാസത്തിനിടെ 172 പേര്‍ക്കാണ് പിടിപെട്ടത്. ഇതില്‍ 42 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഡെങ്കിപ്പനി മൂലം 71 പേരും മരിച്ചു. ചെള്ളുപനി പിടിപെട്ട് 887 പേര്‍ ചികിത്സ തേടിയതില്‍ 14 പേര്‍ മരണത്തിന് കീഴടങ്ങി. ജലാശയങ്ങള്‍ ജലസ്രോതസ്സുകളും മാലിന്യങ്ങള്‍ കൊണ്ടു നിറഞ്ഞതും അശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംസ്‌കാരവുമാണ് കേരളത്തില്‍ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ദ്രവമാലിന്യങ്ങളില്‍ 16 ശതമാനം മാത്രമേ ശാസ്ത്രീയമായി സംസ്‌കരിക്കുന്നുള്ളൂ എന്നാണ് കണക്ക്. മാലിന്യങ്ങള്‍ ഭൂമിയിലേക്ക് ഒഴുക്കുന്ന സംസ്‌കാരമാണ് കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. മലിന ജലത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നവര്‍ ഡോക്‌സിസൈക്ലിന്‍ എന്ന പ്രതിരോധ ഗുളിക കഴിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എലിക്കു പുറമെ നായയുടെ മൂത്രത്തിലൂടെയും രോഗാണുക്കള്‍ ജലത്തിലെത്തുന്നുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …