കേരളത്തിന്റെ വന്യജീവി സംരക്ഷണ ബില്‍ കേന്ദ്രം തള്ളിയേക്കും; ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിന് പരിഹാരങ്ങളിലൊന്നായി സംസ്ഥാനം രൂപീകരിച്ച വന്യജീവി സംരക്ഷണ ബില്‍ കേന്ദ്രം തള്ളിയേക്കുമെന്ന് സൂചന. ജനവാസ മേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ അടിയന്തിര സാഹചര്യങ്ങളില്‍ കൊല്ലാനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന ബില്ലിലാണ് തര്‍ക്കം. ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബറിലാണ് ബില്‍ കേരള നിയമസഭയില്‍ പാസ്സാക്കിയത്. രാഷ്ട്രപതിയുടെ പരിഗണനയിലാണ് ബില്‍. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ലാണിതെന്ന അഭിപ്രായവും കേന്ദ്രത്തിനുണ്ട്. കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള ഒരു വിഷയത്തില്‍ സംസ്ഥാനം ബില്‍ കൊണ്ടുവന്നത് ഭരണഘടന വിരുദ്ധമാണെന്നാണ് വിമര്‍ശനം. 1972ലെ വന്യജീവി സംരക്ഷണം നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവന്നത്. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവില്‍ ഒരു കേന്ദ്രനിയമം നിലനില്‍ക്കെ സംസ്ഥാം കൊണ്ടുവന്ന ബില്‍ നിയമവിരുദ്ധമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

വന്യജീവി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാല്‍ കലക്ടര്‍ അല്ലെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരിലാരെങ്കിലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ അദ്ദേഹത്തിന് മൃഗത്തെ കൊല്ലാന്‍ അനുവദിക്കാമെന്നതാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. അതേസമയം ബില്‍ പാസ്സാക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. ബില്‍ പാസ്സാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു ആവശ്യത്തില്‍.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …