പാലക്കാട്: പാലക്കാട് നിന്നും അങ്കമാലിക്കൊരു നോണ്‍സ്‌റ്റോപ്പ് യാത്രയായാലോ? അതും കൂട്ടിന് പാട്ടും ടിവിയും എസിയും മ്യൂസിക്കുമെല്ലാമായി? ഇത്തരത്തില്‍ അത്യാധുനിക സൗകര്യമുള്ള എസി സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ നിരത്തിലിറക്കിയിരിക്കയാണ് കെഎസ്ആര്‍ടിസി. പാലക്കാട് ഡിപ്പോയ്ക്കായി 3 ബസ്സുകളും അനുവദിച്ചിട്ടുണ്ട്. രണ്ടു ബസുകള്‍ എറണാകുളത്തേക്കും ഒരെണ്ണം കോഴിക്കോടേക്കും. പാലക്കാട് – എറണാകുളം ബസ് പാലക്കാട് വിട്ടാല്‍ പിന്നെ അങ്കമാലിയില്‍ മാത്രമേ സ്റ്റോപ്പുള്ളൂ. രണ്ടു ബസുകളും ബൈപ്പാസ് റൈഡാണ് നടത്തുന്നത്.
സ്റ്റോപ്പുകളുടെ എണ്ണം കുറയുമെന്നതിനാല്‍ കാലതാമസമില്ലാതെ ലക്ഷ്യസ്ഥാത്ത് യാത്രക്കാര്‍ക്ക് എത്താമെന്നതാണ് പ്രത്യേകത. ഇത് പൊതു ഗതാഗത സംവിധാനത്തിലേക്ക് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. പാലക്കാട് നിന്നും രാവിലെ 6.15 നും 7.30നുമാണ് ബസുകള്‍ പുറപ്പെടുക. രാവിലെ 10 മണിക്ക് മുന്‍പ് എറണാകുളത്തെത്തും. ജോലിക്കാര്‍ക്ക് ഇത്തരമൊരു സര്‍വീസ് ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോടേക്കുള്ള സര്‍വീസും രാവിലെ 6.30ന് തന്നെ പുറപ്പെടും. ആകെ 39 സീറ്റുകളാണ് ബസിലുള്ളത്. ബുക്ക് ചെയ്യാനായി കെഎസ്ആര്‍ടിസിയുടെ ആപും വെബ്‌സൈറ്റ് വഴിയും എന്റെ കെഎസ്ആര്‍ടിസി ആപ് വഴിയും മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഒരാഴ്ചക്കുള്ളില്‍ മൂന്ന് സര്‍വീസുകളുടേയും ഉദ്ഘാടനം നടത്താനാണ് വകുപ്പ് പദ്ധതിയിടുന്നത്.
സീറ്റുകളിലെല്ലാം മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളുണ്ടാകും. പുഷ്ബാക്ക് സീറ്റിനൊപ്പം ഫൂട്ട് റെസ്റ്റും സീറ്റുകള്‍ക്ക് മുകളില്‍ റീഡിങ് ലൈറ്റുമുണ്ടാകും. ടിവി, മ്യൂസിക് സിസ്റ്റം, സിസിടിവി ക്യാമറകള്‍, ഫ്രീ വൈഫൈ എന്നീ സൗകര്യങ്ങളും ബസില്‍ ഒരുക്കിയിട്ടുണ്ട്.
Prathinidhi Online