സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി; രോഗബാധ 8നും 14നും ഇടയിലുള്ളവര്‍ക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്വിരീകരിച്ചു. സത്‌ന ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ 6 കുട്ടികള്‍ക്കാണ് രോഗബാധ. ജനിതക രോഗമായ തലാസീമിയ ബാധിച്ച കുട്ടികള്‍ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ചപ്പോഴാണ് അപകടത്തില്‍ പെടുന്നത്. നാല് മാസം മുന്‍പ് ഗുരുതര പിഴവ് ശ്രദ്ധയില്‍ പെട്ടെങ്കിലും അധികൃതര്‍ സംഭവം മൂടിവയ്ക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

എട്ടും പതിനാലും വയസ്സിന് ഇടയിലുള്ള കുട്ടികളാണ് ഇവരെല്ലാം. തലാസീമിയ രോഗത്തിന്റെ ഭാഗമായി ഇടയ്ക്കിടക്ക് കുട്ടികള്‍ക്ക് രക്തം നല്‍കേണ്ടതുണ്ട്. ഇങ്ങനെ രക്തം സ്വീകരിച്ച കുട്ടികളാണ് മാരക രോഗത്തിന്റെ പിടിയില്‍പ്പെട്ടത്. നാലുമാസം മുന്‍പ് പരിശോധന നടത്തിയപ്പോള്‍ കുട്ടികളെല്ലാം നെഗറ്റീവ് ആയിരുന്നെന്നും എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നെന്നും അധികൃതര്‍ പറയുന്നു. കുട്ടികള്‍ ആരുടെ പക്കല്‍ നിന്നാണ് രക്തം സ്വീകരിച്ചത് എന്നതുള്‍പ്പെടെ അന്വേഷണം നടക്കുകയാണ്.

സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ല ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി അന്വേഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. രക്തം നല്‍കിയവര്‍ക്ക് പുറമേ ടെസ്റ്റിങ് കിറ്റുകളില്‍ പിഴവുകളുണ്ടായോ എന്നും പരിശോധിക്കും. കുട്ടികള്‍ 70 മുതല്‍ 100 തവണ വരെ രക്തം സ്വീകരിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. പല ആളുകളില്‍ നിന്നാണ് കുട്ടികള്‍ക്ക് രക്തം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ അസുഖ ബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

അതേസമയം സംഭവം നടന്ന് മാസങ്ങളായിട്ടും രക്തം നല്‍കിയ മുഴുവന്‍ ആളുകളേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വ്യാജ മൊബൈല്‍ നമ്പറും വിലാസവും നല്‍കിയാണ് പലരും രക്തം നല്‍കിയിരിക്കുന്നത് എന്ന ഗുരുതര പിഴവും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …