സപ്ലൈകോ ക്രിസ്മസ് ചന്തകള്‍ തിങ്കളാഴ്ച മുതല്‍; 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ തിങ്കളാഴ്ച രാവിലെ പത്തിന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. ഡിസംബര്‍ 31 വരെ നടക്കുന്ന ചന്തയില്‍ 280 ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും.

ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫര്‍ എന്ന പേരില്‍ 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റ് ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 സാധനങ്ങള്‍ അടങ്ങിയ കിറ്റ് 500 രൂപയ്ക്ക് നല്‍കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളില്‍ പ്രത്യേക ചന്തകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാലയില്‍ ചന്തയുണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.

സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1000 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ നല്‍കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. 1000 രൂപയ്ക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക കൂപ്പണ്‍ ഉപയോഗിച്ചാല്‍ 50 രൂപ ഇളവ് ലഭിക്കും.

 

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …