കരോള്‍ സംഘത്തിനു നേരെയുള്ള അതിക്രമം; പ്രതിഷേധ കരോളുമായി ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും 

പാലക്കാട്: പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ കരോളുമായി ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിലെ 2500 യൂണിറ്റിലും ഡിവൈഎഫ്‌ഐ പ്രതിഷേധ കരോള്‍ നടത്തും. ആര്‍എസ്എസിന് തടയാന്‍ ചങ്കൂറ്റമുണ്ടെങ്കില്‍ അതിനെ ആ രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വം അറിയിക്കുന്നത്. തിങ്കളാഴ്ച പുതുശ്ശേരിയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ കരോള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലയിലെ മുഴുവന്‍ യൂണിറ്റിലും പ്രതിഷേധ കരോള്‍ സംഘടിപ്പിക്കുന്നത്.

കരോള്‍ സംഘത്തിന് നേരെയുള്ള അതിക്രമം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ആര്‍എസ്എസ്-ബിജെപി നീക്കമാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. പുതുശ്ശേരിയില്‍ ഇന്ന് വൈകീട്ട് 6 മണിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്‌നേഹ കരോള്‍ സംഘടിപ്പിക്കും. വിദ്വേഷ പ്രചരണത്തിനെതിരെ മതേതര വിശ്വാസികള്‍ അണിനിരക്കണം എന്ന ആഹ്വാനത്തോടെയാണ് കരോള്‍ സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച രാത്രിയാണ് പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണമുണ്ടായത്. 13 വയസ്സില്‍ താഴെയുള്ള കുട്ടികളായിരുന്നു കരോളുമായി പ്രദേശത്തെത്തിയത്. ഇവരുടെ കൈവശം സിപിഐഎമ്മിന്റെ ബാന്റുകളാണുണ്ടായിരുന്നത്. ഇതില്‍ പ്രകോപിതരായ ഒരു സംഘം കുട്ടികള്‍ക്ക് നേരെ അതിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മര്‍ദ്ദിക്കുകയും ബാന്റ് തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ കുട്ടികള്‍ക്കെതിരെ അതിക്ഷേപകരമായ പരാമര്‍ശങ്ങളുമായി ബിജെപി നേതാക്കളും രംഗത്തെത്തി. സംഘര്‍ഷമുണ്ടാക്കാന്‍ കരോള്‍ സംഘം മദ്യപിച്ചാണ് എത്തിയതെന്നായിരുന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി.കൃഷ്ണകുമാര്‍ പറഞ്ഞത്. മാന്യമായല്ലാതെ കരോള്‍ നടത്തിയാല്‍ അടി കിട്ടുമെന്ന് ഷോണ്‍ ജോര്‍ജ്ജും പറഞ്ഞിരുന്നു. എന്നാല്‍ കരോള്‍ സംഘത്തിനെതിരായ അതിക്രമം അപലപനീയമാണെന്ന് പാലക്കാട് ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ പ്രതികരിച്ചിരുന്നു.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …