പാലക്കാട്: ഈ വര്‍ഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും നേടി മുഹമ്മദ് സിദാന്‍ നില്‍ക്കുമ്പോള്‍ അത് കണ്ട് ആഹ്ലാദിക്കുന്നവരില്‍ അവന്റെ രണ്ട് കൊച്ചു കൂട്ടുകാരുമുണ്ട്. തന്റെ രണ്ട് കൂട്ടുകാരുടെ ജീവന്‍ രക്ഷിച്ചതിനാണ് ഇത്തവണ രാജ്യം രാഷ്ട്രീയ ബാല്‍ പുരസ്‌കാരം നല്‍കി സിദാനെ ആദരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നായിരുന്നു സിദാന് പുരസ്‌കാരം നേടിക്കൊടുക്കാനിടയായ സംഭവം നടന്നത്.
കൂട്ടുകാരുമൊത്ത് സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുന്നതിനിടെ സുഹൃത്ത് മുഹമ്മദ് റാജിഹ് അപകടത്തില്‍ പെടുകയായിരുന്നു. പ്ലാസ്റ്റിക് ബോട്ടില്‍ തട്ടിക്കളിക്കുന്നതിനിടെ ബോട്ടില്‍ തൊട്ടടുത്ത പറമ്പില്‍ വീഴുകയും ഇതെടുക്കാനായി പറമ്പിലിറങ്ങുന്നതിനിടെ റാജിഹ് കാല്‍ വഴുതി വീണു. വീഴ്ചയില്‍ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലെ ഫ്യൂസ് കാരിയറിന്റെ ഇടയില്‍ റാജിഹിന്റെ കൈ കുടുങ്ങി. മറ്റേ കൈ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റാജിഹിന് ഷോക്കേറ്റു. റാജിഹ് ഷോക്കേറ്റ് താഴേക്ക് തൂങ്ങിക്കിടന്ന് പിടയുന്നത് കണ്ട കൂട്ടുകാരന്‍ ഷഹജാസ് റാജിഹിന്റെ കാലില്‍ പിടിച്ച് വലിച്ച് രക്ഷിക്കാന്‍ ശ്രമിച്ചതോടെ ഷഹജാസിനും ഷോക്കേറ്റു. ഇതുകണ്ട സിദാന്‍ സമയം പാഴാക്കാതെ തൊട്ടടുത്ത് കണ്ട കമ്പ് എടുത്ത് ഇരുവരേയും അടിച്ച് രക്ഷിക്കുകയായിരുന്നു. യുക്തിപൂര്‍വ്വമായ ഇടപെടലിലൂടെ സിദാന് തന്റെ രണ്ട് സുഹൃത്തുക്കളുടേയും ജീവന്‍ രക്ഷിക്കാനായി.
കോട്ടോപ്പാടം കൊടുവാളിപ്പുറത്തെ കല്ലായത്ത് വീട്ടില്‍ ഉമ്മര്‍ ഫാറൂഖിന്റേയും ഫാത്തിമത്ത് സുഹ്‌റയുടേയും മകനാണ് 11കാരനായ മുഹമ്മദ് സിദാന്‍. സിദാന്റെ വീട്ടില്‍ മുന്‍പുണ്ടായ വൈദ്യുത അപകടത്തില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റാല്‍ ഉണങ്ങിയ വടികൊണ്ട് അടിക്കണമെന്ന അറിവ് ലഭിച്ചത്. അത് മറ്റു രണ്ടു കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനുള്ള വിലപ്പെട്ട അറിവായി മാറി. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് സിദാന്‍. ഇതേ സ്‌കൂളിലെ ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ ഗിരീഷ് മാഷാണ് മുഹമ്മദ് സിദാനെ ധീരതക്കുള്ള ഈ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്തത്.
ധീരത, കലയും സംസ്‌കാരവും, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവനം, ശാസ്ത്ര സാങ്കേതിക വിദ്യ, കായികം എന്നീ മേഖലകളില്‍ അസാധാരണ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ഷം തോറും നല്‍കുന്ന അഭിമാനകരമായ ദേശീയ ബഹുമതിയാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം. 2025- ല്‍, 18 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 20 കുട്ടികളെയാണ് പുരസ്‌കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തില്‍ നിന്നുള്ള ഏക കുട്ടിയാണ് മുഹമ്മദ് സിദാന്‍. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വെച്ചാണ് 2025-ലെ വീര്‍ ബാല്‍ ദിവസിന്റെ ദേശീയ തല പരിപാടി സംഘടിപ്പിച്ചത്.
Prathinidhi Online