പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി 12കാരനെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഡിസംബര്‍ 18ന് കുട്ടി പീഡന വിവരം സുഹൃത്തിനോട് പറയുകയും സുഹൃത്തിന്റെ അമ്മ വഴി വിവരം സ്‌കൂള്‍ അധികൃതര്‍ അതേ ദിവസം തന്നെ അറിയുകയും ചെയ്തിരുന്നു. പിറ്റേദിവസം തന്നെ അധ്യാപകനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ ചൈല്‍ഡ് ലൈനിലോ പോലീസിലോ റിപ്പോര്‍ട്ട് ചെയ്യാതെ അധികൃതര്‍ അധ്യാപകനെ സംരക്ഷിക്കുന്ന നടപടിയെടുത്തെന്നാണ് റിപ്പോര്‍ട്ടില്‍.
പീഡന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ മാത്രമാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പീഡന വിവരം മറച്ചുവച്ചതിനും അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടായേക്കും. പ്രധാനാധ്യാപകന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരോട് ഡൈവൈഎസ്പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതായാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കേസെടുത്തേക്കുമെന്നും സൂചനകളുണ്ട്.
നവംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ തന്റെ വിദ്യാര്‍ത്ഥിയായ 12കാരനെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ഇതേ സ്‌കൂളിലെ അധ്യാപകനായ അനില്‍ ഇന്നലെ് അറസ്റ്റിലായിരുന്നു. കുട്ടി വിവരം മറ്റുള്ളവരില്‍ നിന്ന് മറച്ച് വയ്ക്കുകയായിരുന്നു. എന്നാല്‍ ഡിസംബര്‍ 18ന് സുഹൃത്തിനോട് വിവരം പറഞ്ഞതോടെയാണ് സംഭവത്തെ കുറിച്ച് കുട്ടിയുടെ കുടുംബവും അധികൃതരും അറിയുന്നത്.
Prathinidhi Online