അരലക്ഷത്തിലധികം വൈദ്യുതി കുടിശ്ശിക; എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്: വൈദ്യുതി കുടിശ്ശിക അരലക്ഷം കടന്നതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ജില്ലയിലെ എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ മരുതറോഡിലെ ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ഇതോടെ 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകളുടെ പ്രവര്‍ത്തനവും നിലച്ചു. ഓഫീസ് പ്രവര്‍ത്തിക്കുന്നതാകട്ടെ ഇരുട്ടിലും. ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്.

5 ഇലക്ട്രോണിക് വാഹനങ്ങളാണ് ഓഫീസിലുള്ളത്. ഇവ കട്ടപ്പുറത്തായതോടെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും നിലച്ച അവസ്ഥയിലാണ്. സ്‌ക്വാഡുകളുടെ നേരിട്ടുള്ള പരിശോധനയും എഐ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയും ഉള്‍പ്പെടെ പിഴയായി മാസം രണ്ടരക്കോടി രൂപയുടെ വരുമാനമാണ് ഈ ഓഫീസ് സര്‍ക്കാരിന് നല്‍കുന്നത്. ഇവിടെയാണ് അരലക്ഷം വൈദ്യുതി കുടിശ്ശിക മൂലം വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നത്. നേരത്തേ കെല്‍ട്രോണിനായിരുന്നു ഓഫീസ് മെയിന്റനന്‍സ് ചുമതല. ബില്‍ അടച്ചിരുന്നതും കെല്‍ട്രോണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് ചുമതല മാറുന്നത്.

ജനുവരി 2നാണ് വൈദ്യുതി വകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ബില്‍ 55,476 രൂപയായിരുന്നു. നവംബറിലെ ബില്‍ കുടിശ്ശികയായതോടെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഔദ്യോഗികമായി നോട്ടീസും നല്‍കി. ഇതിനൊപ്പം ജനുവരി മാസത്തിലെ ഉപയോഗത്തിന് 23,332 രൂപയുടെ ബില്ലും നല്‍കി. ഇതോടെ ആകെ പിഴ തുക ഉള്‍പ്പെടെ 78,903 രൂപയാണ് അടയ്‌ക്കേണ്ടത്. ബില്‍ അടയ്ക്കാതെ വന്നതോടെയാണ് ഓഫീസിന്റെ ഫ്യൂസ് ഊരുന്നത്.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …