തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പിടിയിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. തുടര്‍ച്ചയായി മൂന്ന് സ്ത്രീകള്‍ രാഹുലിനെതിരെ പരാതിയുമായി രംഗത്ത് വന്നതോടെയാണ് കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നിയമസഭ കടക്കാന്‍ ആലോചിക്കുന്നത്. എംഎല്‍എയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ പദവിയിലിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിഷയങ്ങള്‍ എതിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
രാഹുല്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുകയും ഗര്‍ഭഛിത്രത്തിന് പ്രേരിപ്പിക്കുകയും സാമ്പത്തിക ചൂഷണം നടത്തിയതായും കാണിച്ച് യുവതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ രാഹുലിനെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ദേഹത്ത് മുറിവേല്‍പ്പിക്കല്‍, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക ചൂഷണം, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പോലീസിന് ലഭിച്ച പരാതിയില്‍ കഴിഞ്ഞ ദിവസം തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശേഷം അതീവ രഹസ്യമായി പാലക്കാടെത്തിയ അന്വേഷണ സംഘം ഹോട്ടലില്‍ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാഹുലിനെ പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെത്തിച്ച് അന്വേഷണ സംഘം മേധാവി എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. യുവതിയുമായി ബന്ധമുണ്ടായിരുന്നതായി രാഹുല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പീഡനത്തിന്റേയും ഭ്രൂണത്തിന്റെ ഡി.എന്‍.എ ഫലവും ഉള്‍പ്പെടെയാണ് യുവതി പരാതി നല്‍കിയത്. 2024 ഏപ്രിലില്‍ പത്തനംതിട്ടയില്‍ വച്ചായിരുന്നു പീഡനം. ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ അപമാനിച്ചെന്നും ഇതില്‍ മനംനൊന്ത് ഡിഎന്‍എ പരിശോധന നടത്തിയെന്നും പരാതിയിലുണ്ട്. വിദേശത്തുള്ള ഇവര്‍ 6 ദിവസം മുന്‍പാണ് ഡിജിപിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് വീഡിയോ കോള്‍ വഴി അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുത്തു. ഇവര്‍ മൊഴി നല്‍കാനായി ഉടന്‍ തന്നെ നാട്ടിലെത്തുമെന്നാണ് വിവരം.
Prathinidhi Online