ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രേഖകളില്ലാതെ ബീഹാറില്‍ നിന്നെത്തിച്ച 21 കുട്ടികള്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വ്യക്തമായ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ പോലീസ് കണ്ടെത്തി. ബിീഹാറിലെ കിഷന്‍ ഗഞ്ച് ജില്ലയില്‍ നിന്നുള്ള 10 മുതല്‍ 13 വയസ്സുവരെ പ്രായമുള്ള 21 ആണ്‍കുട്ടികളെയാണ് കണ്ടെത്തിയത്. ഞായര്‍ പകല്‍ രണ്ടോടെ വിവേക് എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഘം എത്തിയത്. ഇവരോടൊപ്പം രണ്ട് ബീഹാര്‍ സ്വദേശികളുമുണ്ടായിരുന്നു. കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പഠിക്കാനാണ് കേരളത്തില്‍ എത്തിയതെന്ന് കുട്ടികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനാവാത്തതോടെ കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടെത്തിയതോടെ പോലീസ് കൂടെ വന്ന മുതിര്‍ന്നവരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുട്ടികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോടുള്ള സ്ഥാപനത്തിലേക്ക് രണ്ടുവര്‍ഷത്തെ കോഴ്‌സിനായാണ് കുട്ടികള്‍ എത്തിയതെന്ന് സംഘത്തിലുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏത് കോഴ്‌സാണെന്ന് വ്യക്തമാക്കിയില്ല. തുടര്‍ന്നാണ് കുട്ടികളെ ശിശുക്ഷേമ സമിതിയിലേക്കും കൂടെയുള്ള മുതിര്‍ന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

കുട്ടികളെ താല്‍ക്കാലികമായി പാലക്കാട് പേഴുംകരയില്‍ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റിയിരിക്കയാണ്. കുട്ടികളുടെ ബന്ധുക്കളെ വിവരമറിയിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കോഴിക്കോടുള്ള സ്ഥാപനത്തെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സമിതി ചെയര്‍പേഴ്‌സണ്‍ എം.സേതുമാധവന്‍ പറഞ്ഞു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …