കൊച്ചി: ശബരിമലയിലെ നെയ്യ് വില്‍പനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അയ്യപ്പഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം പാക്കറ്റുകളിലാക്കി വില്‍ക്കുന്ന ‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പ്പനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
വില്‍പ്പന നടത്തിയ 13,679 പാക്കറ്റ് നെയ്യിന്റെ പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പാക്കറ്റിന് 100 രൂപ കണക്കാക്കിയാല്‍ 13,67,900 രൂപയുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. തന്ത്രിയുടേയും മേല്‍ശാന്തിയുടേയും മുറികളില്‍ വച്ച് അനധികൃതമായി നെയ്യ് വില്‍പ്പന നടത്തുന്നത് കോടതി നേരത്തേ തടഞ്ഞിരുന്നു. തുടര്‍ന്ന് ദേവസ്വം കൗണ്ടറുകള്‍ വഴിയായിരുന്നു വില്‍പ്പന. ഇതിലാണ് ഇപ്പോള്‍ ക്രമക്കേട് കണ്ടെത്തിയത്.
പാലക്കാടുള്ള ഒരു കോണ്‍ട്രാക്റ്ററാണ് നെയ്യ് പാക്ക് ചെയ്യുന്ന ജോലികള്‍ ഏറ്റെടുത്തത്. ഒരു പാക്കറ്റ് നെയ്യ് പാക്ക് ചെയ്യുന്നതിന് 20 പൈസയാണ് ഇയാള്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ കോണ്‍ട്രാക്റ്റര്‍ കൗണ്ടറില്‍ ഏല്‍പ്പിച്ച പാക്കറ്റുകളുടെ എണ്ണവും വില്‍പ്പന നടത്തിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുള്ളതായി കോടതി കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടില്‍ ബന്ധപ്പെട്ട ചുമതലയിലുണ്ടായിരുന്ന സുനില്‍ കുമാര്‍ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വില്‍പ്പന ഇനത്തില്‍ ലഭിച്ച 68,200 രൂപ ബോര്‍ഡില്‍ ഇയാള്‍ കൃത്യസമയത്ത് അടച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
Prathinidhi Online