കണ്ണൂര്‍: പേരാവൂരില്‍ ഒരുകോടി അടിച്ച ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുന്നതിനിടെ വാങ്ങാനെത്തിയവര്‍ തട്ടിയെടുത്തു. ഡിസംബര്‍ 30ന് അടിച്ച സ്ത്രീശക്തി ലോട്ടറിയുടെ ഒരുകോടി വരുന്ന സമ്മാനത്തുകയുള്ള ലോട്ടറിയാണ് തട്ടിയെടുത്തത്. പേരാവൂര്‍ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് നഷ്ടപ്പെട്ടത്. ലോട്ടറി കരിഞ്ചന്തയില്‍ വിറ്റ് മുഴുവന്‍ തുകയും കൈപ്പറ്റാനായിരുന്നു ശ്രമം. 15 ദിവസത്തോളം ഇയാള്‍ ഒരു സംഘത്തെ സമീപിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ലോട്ടറി വാങ്ങാമെന്നേറ്റ് ഒരുസംഘം ഇയാളെ സമീപിക്കുകയും ടിക്കറ്റ് തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി സാദിഖും സുഹൃത്തും ലോട്ടറിയുമായി സംഘത്തെ സമീപിച്ചിരുന്നു. സാദിഖിനെയും സുഹൃത്തിനേയും വാഹനത്തില്‍ പിടിച്ചുകയറ്റുകയും തുടര്‍ന്ന് ടിക്കറ്റ് ബലമായി പിടിച്ചെടുത്ത ശേഷം ഇരുവരേയും പുറത്തേക്ക് തള്ളിയിടുകയും ചെയ്ത് സംഘം രക്ഷപ്പെട്ടു. സാദിഖുമായി സംഘം ബന്ധപ്പെട്ടിരുന്നതിനാല്‍ പോലീസിന് വളരെ വേഗത്തില്‍ തന്നെ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞു. ചക്കാട് സ്വദേശിയായ ഷുഹൈബിനെയാണ് പേരാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നേരത്തേ കള്ളപ്പണക്കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍ 5 പേരുണ്ടായിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.
Prathinidhi Online