തിരുവനന്തപുരം: പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരുടെ വൈദ്യുതി കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. യോഗത്തില്‍ മന്ത്രി ഒ.ആര് കേളുവും പങ്കെടുത്തിരുന്നു. 2025 സെപ്തംബര്‍ 30 വരെയുള്ള കുടിശ്ശികയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഈ വീടുകളിലെ വയറിങ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി 30നകം അപേക്ഷ നല്കാന് പട്ടികവര്‍ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വൈദ്യുതിയെത്താത്ത ഇടുക്കി ജില്ലയിലെ എട്ട് ആദിവാസി ഉന്നതികളിലെ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനമായിട്ടുണ്ട്. ആണ്ടവന്‍കുടി, അമ്പലപ്പടിക്കുടി, കണ്ടത്തിക്കുടി എന്നിവിടങ്ങളിലെ വൈദ്യുതീകരണം ഫെബ്രുവരി 15ന് മുന്‍പ് പൂര്‍ത്തിയാക്കും. ബാക്കിയുള്ള ഉന്നതികളില്‍ 29 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ ഇടും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 28ന് മുന്‍പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
Prathinidhi Online