വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നയ്ക്കലിലെ മുനിയറകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങി. പുരാവസ്തു വകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് ബിന്നി കെ.ഈപ്പന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുനിയറകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. കൊന്നയ്ക്കല്‍കടവ് ആനയടിയന്‍ പുതയിലാണ് ചരിത്രപ്രാധാന്യമുള്ള മുനിയറകളുള്ളത്. ഇവ സംരക്ഷിക്കേണ്ടതാണെന്നാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ട് ചെയ്തത്.
സ്മാരകങ്ങളുമായി ബന്ധപ്പെട്ട ഉപരിതല പരിശോധന നടത്തിയതിന് ശേഷമാകും ബാക്കിയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇതിനായി എസ്‌കവേഷന്‍ അസിസ്റ്റന്റ് വിമല്‍കുമാര്‍, ഫീല്‍ഡ് അസിസ്റ്റന്റ് ബിന്നി.കെ ഈപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം 1968ലെ കേരള പ്രാചീന സ്മാരകങ്ങളും പുരാവസ്തു സങ്കേതങ്ങളും പുരവശിഷ്ടങ്ങളും സംബന്ധിച്ച നിയമപ്രകാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പുരാവസ്തു വകുപ്പ് അറിയിച്ചത്.
അതേസമയം കിഴക്കഞ്ചേരി 2 വില്ലേജിലെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന മുനിയറകളിലൊന്ന് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിട്ടുണ്ട്. ഉടന്‍തന്നെ മറ്റ് മുനിയറകള്‍ സംരക്ഷിക്കണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികളും. മുനിയറ തകര്‍ത്ത സംഭവത്തില്‍ കൊന്നയ്ക്കല്‍ കടവ് സ്വദേശിയായ എം.ഹരിദാസന്‍ 2025 ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുരാവസ്തു വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
Prathinidhi Online