കോഴിക്കോട്: ലൈംഗിക അതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ കേസിലെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. വടകര സ്വദേശി ഷഇംജിത മുസ്തഫയെയാണ് പോലീസ് തിരയുന്നത്. ദീപക്കിന്റെ അമ്മ നല്കിയ പരാതിയില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി മെഡിക്കല്‍ കോളജ് പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവിലാണെന്നാണ് സൂചന. അതേസമയം വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടിട്ടുണ്ട്. വിഷയത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെട്ടതില്‍ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ദീപക് തന്നോട് ലൈംഗികാതിക്രമം കാണിക്കുന്നു എന്നാരോപിച്ച് യുവതി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സൈബര്‍ പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് വടകര പോലീസിനെ വിവരമറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്പെക്ടര്‍ അറിയിച്ചിട്ടുണ്ട്.
Prathinidhi Online