തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടം എം എൽ എ ക്കെതിരെ ആദ്യ ബലാത്സംഗ കേസ് നൽകിയ യുവതിയുടെ സത്യവാങ്മൂലത്തിൽ ഗുരുതര ആരോപണങ്ങൾ. രാഹുൽ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചെന്നും യുവതി ആരോപിക്കുന്നു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അതിജീവിത സത്യവാങ്മൂലം നൽകിയത്.
ദൃശ്യങ്ങൾ രാഹുലിൻ്റെ കൈവശമുണ്ടെന്നും മുൻകൂർ ജാമ്യം നൽകിയാൽ വീഡിയോ പുറത്തുവിടുമെന്ന് ഭയക്കുന്നു. മാത്രമല്ല ജാമ്യം നൽകുന്നത് ഇനിയും മുന്നോട്ട് വരാനുള്ള പരാതിക്കാരെ നിശബ്ദരാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണ്. രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കി. രാഹുൽ സാഡിസ്റ്റും (മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്നയാൾ) ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണ സംഘത്തിന് വിവരമുണ്ടെന്നും അതിലൊന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും യുവതി ആരോപിച്ചിട്ടുണ്ട്.
രാഹുൽ യുവതിയുമായി സംസാരിച്ചതിന്റെ ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പമുണ്ട്. അതിൽ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും ഉണ്ടെന്നാണ് വിവരം. നേമം പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കോടതി സംരക്ഷണം നൽകിയിരുന്നു.
Prathinidhi Online