വര്‍ഷത്തില്‍ 5തവണ നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; നിയമം കര്‍ശനമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരെ പൂട്ടാന്‍ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വര്‍ഷത്തില്‍ 5ഓ അതില്‍ കൂടുതലോ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയാല്‍ ഡ്രൈവിംങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമുണ്ടെന്നാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പറയുന്നത്. ഭേദഗതികള്‍ ജനുവരി 1 മുതല്‍ പ്രാബല്യത്തിലായിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന ട്രാഫിക് കുറ്റകൃത്യങ്ങളാണ് ഇതില്‍ പരിഗണിക്കുക. മുന്‍വര്‍ഷങ്ങളിലെ കുറ്റകൃത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല.

മോട്ടോര്‍ വാഹന നിയമത്തിലെ 24 നിയമ ലംഘനങ്ങളില്‍ അഞ്ചോ അതിലധികമോ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായാലാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ സാധ്യത. ഓവര്‍സ്പീഡിംഗ്, ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെയുള്ള ഡ്രൈവിംഗ്, ട്രാഫിക് സിഗ്‌നല്‍ ലംഘനം, പൊതുവഴികളിലെ അനധികൃത പാര്‍ക്കിംഗ്, അമിതഭാരം കയറ്റല്‍, വാഹനമോഷണം, സഹയാത്രക്കാരോട് അക്രമസ്വഭാവം കാണിക്കല്‍ തുടങ്ങിയവയെല്ലാം പട്ടികയിലുണ്ട്. കുറ്റങ്ങളുടെ തീവ്രതയല്ല സസ്‌പെന്‍ഷന്‍ തീരുമാനിക്കുന്നത്. മറിച്ച് എത്ര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു എന്നതാണ് കണക്കാക്കുക. സ്‌പെന്‍ഷന്‍ കാലാവധി ബന്ധപ്പെട്ട അതോറിറ്റിയാണ് തീരുമാനിക്കുക. പതിവ് നിയമലംഘകരെ നിയന്ത്രിക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഭേദഗതി കൊണ്ട് ലക്ഷ്യമിടുന്നത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുന്‍പ് ലൈസന്‍സ് ഉടമയുടെ വാദം കേള്‍ക്കാനുള്ള അവസരം നല്‍കണമെന്നും ചട്ടത്തിലുണ്ട്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …