കൊച്ചി: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി. നേതൃത്വത്തിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ഭാരവാഹികളും ജനപ്രതിനിധികളും കൂട്ടത്തിലുണ്ട്. പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചെന്നും ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി മാറിയെന്നും പുറത്തു പോയ റസീന പരീത് ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളോ വാര്‍ഡ് കമ്മിറ്റികളോ ജനപ്രതിനിധികളോ അറിഞ്ഞിട്ടില്ലെന്ന് പുറത്തുപോയ നേതാക്കള്‍ വെളിപ്പെടുത്തി. മാധ്യമങ്ങളിലൂടെയാണ് ലയനം അറിഞ്ഞതെന്നും തിരുവനന്തപുരത്ത് പോയി കുറച്ചുപേര്‍ എടുത്ത തീരുമാനമാണിതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ട്വന്റി ട്വന്റി മറ്റു മുന്നണികളിലേക്കില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ പാര്‍ട്ടി പിരിച്ചുവിടുമെന്നായിരുന്നു മുന്‍ നിലപാടെന്നും നേതാക്കള്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് പുറത്തുവരും. പാര്‍ട്ടിയില്‍ പ്രസിഡന്റ് സാബു ജേക്കബിന്റെ ഏകാധിപത്യപരമായ നിലപാടുകളാണ് തുടരുന്നത്. ഒറ്റയ്ക്ക് നില്ക്കാന് ശക്തിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സാബു ജേക്കബ് ബിജെപി പാളയത്തിലെത്തിയത്. സാബു ജേക്കബ് തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ നിലനില്‍പ്പിനായി മാത്രം എടുത്ത തീരുമാനമാണിതെന്നും നേതാക്കാള്‍ കുറ്റപ്പെടുത്തി.
Prathinidhi Online