മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാര നടപടികള്‍ ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകള്‍. മരണത്തിനിടയാക്കിയ വിമാനാപകടത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു. വിമാനം വാടകയ്ക്ക് നല്കിയ വിഎസ്ആര്‍ കമ്പനി ഓഫീസില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അപകടം നടന്ന ബാരാമതിയിലെ പ്രദേശത്തും ഇന്ന് പരിശോധന നടക്കും. ഫോറന്‍സിക് സംഘം ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
അപകടത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെതുടര്‍ന്ന് ബാരാമതി വിമാനത്താവളത്തിലെ എടിസി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി വ്യോമസേന ഏറ്റെടുക്കും. നിലവില്‍ ഇവിടെയുള്ളവര്‍ക്ക് പരിശീലനം നല്‍കും. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് നടപടി. ഇന്നലെ രാവിലെയാണ് മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വെച്ചുണ്ടായ വിമാന അപകടത്തില്‍ അജിത് പവാറിന്റെ അന്ത്യം. അജിത് പവാര്‍ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തിനടുത്ത് തകര്‍ന്ന് വീണ് കത്തിയമരുകയായിരുന്നു. അജിത് പവാറടക്കം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും തല്‍ക്ഷണം മരിച്ചു. പൈലറ്റിന് റണ്‍വേ കൃത്യമായി കാണാന്‍ കഴിയാതെ പോയതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കിയത്.
Prathinidhi Online