വയനാട് പുനരധിവാസത്തിന് 260.56 കോടി കേന്ദ്ര സഹായം

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ 260.56 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍ നിന്ന് സഹായം അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. വയനാടിലെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം ആദ്യമായി അനുവദിക്കുന്ന പ്രത്യേക സഹായമാണിത്. ഒമ്പത് സംസ്ഥാനങ്ങള്‍ക്കായി ആകെ 4645.60 കോടിയാണ് അനുവദിച്ചത്. 2022ല്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ അസമിന് 1270.788 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. .

ഇതിനൊപ്പം രാജ്യത്തെ നഗരങ്ങളിലെ വെളളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടിയും നീക്കിവച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. അര്‍ബന്‍ ഫ്‌ലഡ് റിസ്‌ക് മാനേജ്മെന്റ് പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് തിരുവനന്തപുരവും ഉള്‍പ്പെട്ടിരിക്കുന്നത്.

നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പയായി 529.50 കോടി രൂപ അനുവദിച്ചിരുന്നു. ജൂലായില്‍ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 153 കോടിയും അനുവദിച്ചു. വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് എം.പിമാര്‍ അമിത് ഷായെ കണ്ടും ആവശ്യം ഉന്നയിച്ചിരുന്നു.

 

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …