9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: അടിയന്തിര അന്വേഷഷണത്തിന് ഉത്തരവിട്ട് മന്ത്രി

പാലക്കാട്: 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിക്ക് ആദ്യം ചികിത്സ നല്‍കിയ പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ വീഴ്ചയുണ്ടായെന്ന് കുടുംബം പരാതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡി.എം.ഒ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.

പാലക്കാട് പല്ലശ്ശന സ്വേദേശിനി വിനോദിനിയുടെ വലതു കൈയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മുറിച്ചു മാറ്റിയത്. വീട്ടില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ വിനോദിനിയെ സെപ്തംബര്‍ 24ന് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടിരുന്നു. വേദന ഉണ്ടെന്ന് പറഞ്ഞ് അടുത്ത ദിവസവും ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും മതിയായ ചികിത്സ കിട്ടിയില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. വേദന കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ എല്ല് ഒടിഞ്ഞതിന്റെ വേദനയാണെന്ന് പറഞ്ഞ് കുടുംബത്തെ വീട്ടിലേക്ക് തന്നെ പറഞ്ഞു വിടുകയായിരുന്നു. വേദന കൂടിയതിനെ തുടര്‍ന്ന് 5 ദിവസം കഴിഞ്ഞ് വീണ്ടും ആശുപത്രിയില്‍ എത്തുകയും പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കൈയ്യിലെ രക്തയോട്ടം കുറഞ്ഞ് പഴുത്ത് അളിഞ്ഞ അവസ്ഥയിലായിരുന്നെന്ന് കുടുംബം പറയുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച കുട്ടിയുടെ കൈ മുറിച്ചു മാറ്റുകയായിരുന്നു. ജീവന്‍ രക്ഷിക്കാനായാണ് കൈ മുറിച്ചു മാറ്റിയത്.

നിര്‍മ്മാണ തൊഴിലാളിയും ഒഴിവുപാറ സ്വദേശിനിയുമായ ആര്‍.വിനോദിന്റേയും പ്രസീതയുടേയും മകളാണ് വിനോദിനി. ഒഴിവുപാറ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കോവിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് വിനോദിനി.

അതേസമയം ഡോക്ടര്‍മാരുടെ അടുത്ത് നിന്ന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ പറയുന്നത്. സാധാരണ നിലയില്‍ നല്‍കുന്ന എല്ലാ ചികിത്സയും നല്‍കിയിരുന്നു. സംഭവിച്ചത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ ജയശ്രീ പ്രതികരിച്ചത്. കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് ഈ അവസ്ഥയിലേക്ക് എത്താന്‍ കാരണമെന്നും സൂപ്രണ്ട് പറഞ്ഞു.

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …