കൊച്ചി: മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ രാവിലെ 10 മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതിയോടെയാകും ചടങ്ങുകള്‍ നടക്കുക. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ 3 മണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും.
ഡയാലിസിസിന് പോകുന്നതിനിടെ രാവിലെ 8.30ഓടെയാണ് ശ്രീനിവാസന്റെ അന്ത്യം. യാത്രയ്ക്കിടെ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശ്രീനിവാസന്റെ വിയോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുസ്മരണ കുറിപ്പില്‍ പറഞ്ഞു. സിനിമയില്‍ നിലനിന്നുപോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചത്. താന്‍ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
സരസമായ ഭാഷയിലൂടെ സമൂഹത്തിലെ യഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞ് കഴിവുറ്റ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുസ്മരിച്ചു. കാലത്തിനു മുമ്പേ നടന്നയാളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ സിനിമയിലെ ഉദ്ധരണികള്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഉപയോഗിച്ചിരുന്നു. അദ്ദേഹത്തെ കാണാന്‍ ഇരിക്കുമ്പോളാണ് അപ്രതീക്ഷിത വിയോഗമെന്നും വിഡി സതീശന്‍ പറഞ്ഞു.
Prathinidhi Online