അടിമാലിയില്‍ ദേശീയപാതയ്ക്കായി മണ്ണെടുത്ത പ്രദേശത്ത് മണ്ണിടിച്ചില്‍; പ്രദേശവാസിക്ക് ദാരുണാന്ത്യം

അടിമാലി: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയ്ക്കായി മണ്ണെടുത്ത കൂമ്പന്‍പാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. വീട് തകര്‍ന്ന് സിമന്റ് സ്ലാബുകള്‍ക്കടിയില്‍പ്പെട്ട ദമ്പതിമാരില്‍ ബിജുവാണ് മരിച്ചത്. ബിജുവിന്റെ ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരേയും മണ്ണിനടിയില്‍ നിന്ന് പുറത്തെത്തിക്കാനായത്. ദേശീയപാതയ്ക്കായി മണ്ണെടുത്തതാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ആദ്യം സന്ധ്യയെ ആണ് പുറത്തെത്തിക്കാനായത്. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കും പൊട്ടലും ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ശ്വാസ തടസമുണ്ടെന്നും വിളിച്ചാല്‍ പ്രതികരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം സന്ധ്യയെ രക്ഷിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഭര്‍ത്താവ് ബിജുവിനെ പുറത്തെത്തിക്കാനായത്. 2 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ നീക്കി പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബിജുവിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോള്‍ ബിജു അബോധാവസ്ഥയിലായിരുന്നു.

ഇന്നലെ രാത്രി രാത്രി 11 മണിയോടടുത്താണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാതയുടെ നിര്‍മ്മാണത്തിനായി മണ്ണെടുത്തതിനെ തുടര്‍ന്ന് 50 അടിയിലേറെ ഉയരത്തില്‍ കട്ടിങ് ഉണ്ടായിരുന്നു. ഇതിനു മുകളില്‍ അടര്‍ന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടമുണ്ടായത്. ആറോളം വീടുകളുടെ മുകളിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. ണ്ടു വീടുകള്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. തുടര്‍ന്ന് 25ഓളം കുടുംബങ്ങളെ വൈകിട്ടോടെ പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്് വന്‍ദുരന്തം ഒഴിവാക്കി. രേഖകളെടുക്കാനായി വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ബിജുവും സന്ധ്യയും അപകടത്തില്‍ പെടുന്നത്.

 

 

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …