പാലക്കാട്: സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി (African Swine Fever) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, രോഗവ്യാപനം തടയാനായി കരുതല്‍ നടപടികളുമായി ജില്ലാ ഭരണകൂടം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പന്നി കടത്ത് തടയാന്‍ ജില്ലയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനധികൃത കടത്തുകള്‍ നടക്കാന്‍ സാധ്യതയുള്ള ബൈറൂട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചത്.
ജില്ലയിലെ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകള്‍ക്ക് കീഴിലുള്ള ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പന്നികളേയും പന്നി മാംസവും മറ്റ് ഉല്‍പ്പന്നങ്ങളും പന്നി കാഷ്ഠവുമായി വരുന്ന വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചു വിടാനാണ് തീരുമാനം. പൊലീസിന്റെ സഹായത്തോടെ രാത്രികാല പരിശോധനകള്‍ നടക്കും.
ആഫ്രിക്കന്‍ പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ലെങ്കിലും വളര്‍ത്തു പന്നികളെ ബാധിച്ചാല്‍ കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. കര്‍ഷകരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പന്നികളെയും ഉല്‍പ്പന്നങ്ങളെയും ആശ്രയിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ സംശയകരമായ കടത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Prathinidhi Online