കൊച്ചി: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ലാന്‍ഡിങ് ഗിയറുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ അടിയന്തിര ലാന്‍ഡിങ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറുകള്‍ പൊട്ടി. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. 160 യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്.
ജിദ്ദയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 1.15ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു ഇത്. യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിന്റെ ലാന്‍ഡിങ്ങിനായി കൊച്ചി വിമാനത്താവളം സജ്ജമായിരുന്നു. വിമാനം ജിദ്ദയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായാണ് സംശയം. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളില്‍ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറയുന്നു.
കൊച്ചിയിലെത്തിയപ്പോഴാണ് സാങ്കേതിക തകരാര്‍ സംബന്ധിച്ച വിവരം യാത്രക്കാരെ അറിയിക്കുന്നത്. കൊച്ചിയിലിറക്കിയ യാത്രക്കാരെ റോഡ് മാര്‍ഗ്ഗം കോഴിക്കോടേക്ക് എത്തിക്കുമെന്നാണ് വിവരം. വിമാനം ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ എയര്‍ ഇന്ത്യ അധികൃതരുമായി വാക്കുതര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
Prathinidhi Online