എന്താണ് അലര്‍ജി? എങ്ങനെ പ്രതിരോധിക്കാം

ശരീരത്തിലെത്തുന്ന ചില പദാര്‍ത്ഥങ്ങളോട് (proteins/ allergens) രോഗ പ്രതിരഓധ സംവിധാനം (immunological system) അസാധാരണമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഈ പ്രതികൂല പ്രതികരണം പലവിധ രോഗലക്ഷണങ്ങള്‍ക്കും കാരണമാകുന്നു. അലര്‍ജനുകള്‍ ചര്‍മ്മം, ശ്വാസകോശം, ദഹനേന്ദ്രിയം (gastrointestianla tract) എന്നിവയിലൂടെയാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. പൊടി, പൂമ്പൊടി, വളര്‍ത്തു മൃഗങ്ങളുടെ രോമം, ഫംഗസ്, ഭക്ഷണ വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ അലര്‍ജിക്ക് കാരണമാകാം. പാല്‍, മുട്ട, മത്സ്യവിഭവങ്ങള്‍, നട്ട്‌സ്, ഗോതമ്പ്, സോയ തുടങ്ങിയവയാണ് പ്രധാനമായും അലര്‍ജി ഉണ്ടാക്കുന്നത്.

പൂവിന്റെ മണം മുതല്‍ പുസ്തകത്തിലെ പൊടിവരെ ഒരു വ്യക്തിയില്‍ അലര്‍ജി ഉണ്ടാക്കാം. എന്താണ് ഒരു വ്യക്തിക്ക് അലര്‍ജി ഉണ്ടാക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ പറയാന്‍ കഴിയില്ല. ചിലര്‍ക്ക് സീസണല്‍ ആകും അലര്‍ജി. ചിലര്‍ക്ക് അത് പക്ഷേ ജീവിതകാലം മുഴുവന്‍ നീണ്ടുനിന്നേക്കാം. സാധാരണഗതിയില്‍ നിരുപദ്രവകരമായ പദാര്‍ഥത്തോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് അലര്‍ജി. അലര്‍ജിയുണ്ടാക്കുന്ന പ്രോട്ടീനുകളെയാണ് അലര്‍ജനുകള്‍ എന്ന് പറയുന്നത്. മിക്കപ്പോഴും പാരമ്പര്യമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് അലര്‍ജി. അല്ലാത്ത കേസുകളും ധാരാളമാണ്.

അലര്‍ജനുകള്‍ ഏത് ഗണത്തില്‍പ്പെടുന്നു എന്നതും അവ എങ്ങനെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നു, അവ ഏത് അവയവത്തെയാണു ബാധിക്കുന്നത് എന്നതിനെ ആശ്രയിച്ച് അലര്‍ജിയുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമായിരിക്കും. അലര്‍ജനുകള്‍ 3 തരത്തിലുണ്ട്.
1. അന്തരീക്ഷത്തിലുള്ളവ (aeroallergens) ആണ് ഒന്നാമത്തെ വിഭാഗം. ഉദാഹരണത്തിന് പൊടി, പുക, മൃഗങ്ങളുടെ രോമം, പൂമ്പൊടുകള്‍ എന്നിവ. ഇവ മൂക്കിലും ശ്വാസകോശത്തിലും പ്രവേശിച്ച് ശ്വാസതടസ്സം, ചുമ, തുമ്മല്‍ എന്നിവയുണ്ടാക്കുന്നു.
2. ഭക്ഷണത്തിലെ അലര്‍ജനുകള്‍ (food allergens). ഇവയാണ് ഭക്ഷ്യ അലര്‍ജിക്ക് കാരണമാകുന്നത്. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തിണര്‍ത്തു പൊന്തുന്നതും, ചൊറിച്ചില്‍ അനുഭവപ്പെടുന്നതും ഭക്ഷ്യ അലര്‍ജി മൂലമാണ്. ഇതിനെ അലര്‍ജിക് ഡെര്‍മറ്റൈറ്റിസ്, അര്‍ട്ടിക്കേരിയ എന്നും പറയും. ചിലര്‍ക്ക് മാംസം, ചിലതരം മത്സ്യങ്ങള്‍, പച്ചക്കറികള്‍ ഇവയൊക്കെ അലര്‍ജി ഉണ്ടാക്കാം.
3. മൂന്നാമത്തെ വിഭാഗം സമ്പര്‍ക്കത്തിലൂടെ അലര്‍ജിയുണ്ടാക്കുന്നവയാണ് (contact allergens). ഇവ സാധാരണയായി ത്വക്കിലെ അലര്‍ജിക്കു കാരണമാകുന്നു.

എല്ലാവര്‍ക്കും എല്ലാ സമയത്തും അലര്‍ജി ഒരുപോലെയല്ല ഉണ്ടാവുക. ചിലര്‍ക്ക് ചെറിയ തുമ്മലോ ചൊറിച്ചിലോ ഒക്കെയായി പോകുമെങ്കിലും മറ്റുചിലര്‍ക്ക് ശ്വാസതടസ്സം മുതല്‍ രക്തസമ്മര്‍ദ്ദം കുറയുന്നതിനും ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാകാറുണ്ട്. അതി ഗുരുതരമായ അനാഫിലാക്ടിക് ഷോക്കും (Anaphylactic shock) ഉണ്ടായി മരണപ്പെടുന്നവരും ഏറെയാണ്.

അടുത്തിടെ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു എന്ന വാര്‍ത്ത കേട്ടിരിക്കുമല്ലോ? കടന്നല്‍, തേള്‍, എട്ടുകാലി തുടങ്ങിയ ജീവികള്‍ കുത്തുമ്പോള്‍ ചിലര്‍ക്കു ഗുരുതരമായ റിയാക്ഷനുണ്ടാവാറുണ്ട്.

അലര്‍ജി എങ്ങനെ കണ്ടുപിടിക്കാം?
എലീസാ ടെസ്റ്റ് പോലുള്ള ടെസ്റ്റുകള്‍ അലര്‍ജി കണ്ടുപിടിക്കാന്‍ സഹായിക്കുന്നവയാണ്. മറ്റൊന്ന് ഇന്‍ട്രാഡെര്‍മല്‍ ടെസ്റ്റാണ്. അലര്‍ജന്‍ അടങ്ങിയ ലായനി ചെറിയ അളവില്‍ തൊലിപ്പുറമേ കുത്തിവച്ച് ചുറ്റുമുണ്ടാകുന്ന റിയാക്ഷന്‍ വിലയിരുത്തി അലര്‍ജനുകളില്‍ ഏതിനോടൊക്കെയാണ് വ്യക്തിക്ക് അലര്‍ജി എന്ന് കണ്ടുപിടിക്കുന്ന ടെസ്റ്റാണിത്. മരുന്നുകളോടുള്ള അലര്‍ജിയും ഈ ടെസറ്റ് വഴി കണ്ടുപിടിക്കാം. മറ്റൊന്ന് പ്രിക് സ്‌കിന്‍ ടെസ്റ്റാണ്. കേരളത്തില്‍ പക്ഷേ ഈ ടെസ്റ്റിന് വലിയ പ്രചാരമില്ല.

അലര്‍ജിക്കുള്ള ചികിത്സ എന്താണ്?
ഏതു തരത്തിലുള്ള അലര്‍ജി ആണെങ്കിലും ചികിത്സയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്.
1. അലര്‍ജനുകളെ മാറ്റി നിര്‍ത്തുക. ഇത് ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളാണ്.
2. മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ (pharmaco- therapy)
3. അലര്‍ജി ടെസ്റ്റിങ്ങും ഇമ്യൂണോതെറാപ്പിയും

അലര്‍ജികള്‍ ഏതാണെന്ന് കണ്ടെത്തുകയും അതില്‍ നിന്നും മാറിനില്‍ക്കുകയുമാണ് ഏറ്റവും ഫലപ്രദമായ ചികിത്സകളിലൊന്ന്.

comments

Check Also

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി; രോഗബാധ 8നും 14നും ഇടയിലുള്ളവര്‍ക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്വിരീകരിച്ചു. സത്‌ന ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ …