പാലക്കാട്: പെരുമാട്ടി പഞ്ചായത്തിലെ പാറക്കളം നഗര്‍ അംബേദ്കര്‍ ഗ്രാമം 2022-23 പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി നിര്‍വ്വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളുടെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഓരോ കുടുംബത്തിന്റെയും വരുമാനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ 8.50 കോടി രൂപ പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാറക്കളം ജി.എം.എല്‍. പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.ഇ.എല്‍ പ്രോജക്ട് മാനേജര്‍ കെ.കെ. ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. എസ്. കുമാരി ശ്രീജ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാധുരി പത്മനാഭന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുരേഷ്, മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Prathinidhi Online